ലണ്ടന്‍: മുഹമ്മദ്‌ സലാഹ് വളരെ നല്ല കളിക്കാരനാണ്, എങ്കിലും മെസിയും റൊണാള്‍ഡോയുമായ് അദ്ദേഹത്തെ കൂട്ടി വായിക്കാന്‍ ശ്രമിക്കരുതെന്ന് റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്.

മെസിയുടെ ശൈലിയുമായുള്ള സാമ്യമാണ് പലരും സലാഹിന്‍റെ കളിയെ വിലയിരുത്തുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്, സ്‌പാനിഷ് പ്രതിരോധ താരം പറഞ്ഞു. ശനിയാഴ്‌ച റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുളള മൽസരം നടക്കാനിരിക്കെ മെസിയുടെ പ്രധാന പ്രതിയോഗിയായ റൊണാള്‍ഡോയുടെ കൂടെ കളിക്കുന്നത് സലാഹിന് സ്വയം വിലയിരുത്താനുള്ള അവസരമാകും, റാമോസ് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടയുടെ തുടര്‍ച്ചയാണ് ഈജിപ്ത്യന്‍ താരം ചാമ്പ്യന്‍സ് ലീഗിലും പുറത്തെടുത്തത്. യോഗ്യതാ മൽസരം മുതല്‍ ലീഗില്‍ ഇതുവരെയായി 10 ഗോളുകളാണ് സലാഹ് നേടിയത്.

“സലാഹ് വളരെ നല്ലൊരു കളിക്കാരനാണ്. എന്നാല്‍ അദ്ദേഹത്തെ റൊണാള്‍ഡോയും മെസിയും തമ്മില്‍ താരത്യം ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ഭ്രമണപഥത്തിലാണവരുള്ളത്,” ഒരു ദശാബ്ദം മുഴുവന്‍ ‘ബാലന്‍ ഡി ഓർ’ കൈയ്യടക്കി വച്ചിരിക്കുന്നന്ന താരങ്ങളെപ്പറ്റി റാമോസ് പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ക്രിസ്റ്റ്യാനോയുമായി സലാഹിനെ താരതമ്യം ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ അങ്ങനെ ചെയ്തു കൊണ്ടേയിരിക്കാമെന്നും മാഡ്രിഡ് സ്റ്റോപ്പര്‍ പറഞ്ഞു.

എന്നാല്‍ നാളെ ലിവര്‍പൂളിനെ നേരിടാന്‍ പോകുമ്പോള്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ നല്ല ആത്മവിശ്വാസത്തിലാണ്. യുവന്റസ്, പാരിസ് സെയിന്റ് ജര്‍മെയ്ന്‍, ബയണ്‍ മ്യൂണിക് എന്നീ വമ്പന്മാരെ തോല്‍പ്പിച്ചെത്തിയ തങ്ങള്‍ കിരീടവും കൊണ്ടേ തിരിച്ചു പോകുന്നുള്ളൂ എന്നാണ് റയല്‍ നായകന്‍ പറയുന്നത്.

ലിവര്‍പൂള്‍ നല്ല ടീമാണെന്നും അഭിപ്രായപ്പെട്ട റാമോസ്, വലിയ ടീമുകളുടെ കൂടെ കളിച്ച് വിജയിക്കുമ്പോള്‍ വിജയത്തിന് മാറ്റ് കൂടുമെന്നും പറഞ്ഞു.

“വെറും മൂന്ന് താരങ്ങള്‍ മാത്രമല്ല ലിവര്‍പൂളിന്‍റെ കരുത്ത്. വീഴാനും ഉയിര്‍ത്തെഴുന്നേല്‍ക്കാനും സാധിക്കുന്ന ഒരു ടീമാണ് അവരുടേത്. പക്ഷേ ഞങ്ങള്‍ക്ക് അതൊന്നും പ്രശ്നമല്ല. എന്തൊക്കെ തരത്തിലുള്ള അഭിപ്രായങ്ങള്‍ കേട്ടാലും ഞങ്ങള്‍ നന്നായി കളിക്കാന്‍ മാത്രം ശ്രമിക്കും,” റാമോസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ