ടെസ്റ്റ് മൽസരങ്ങളിൽ താൻ ഓപ്പണർ ആയി മാറിയ കഥ പറഞ്ഞ് വിരേന്ദർ സെവാഗ്. കൊൽക്കത്തയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് സെവാഗ് ആ കഥ പങ്കുവച്ചത്.

2002 ൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ എന്നോട് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടത്. ഇതുകേട്ടതും എന്തുകൊണ്ട് ഞാൻ? എന്ന ചോദ്യമാണ് ഗാംഗുലിയോടും കോച്ച് ജോൺ വ്രൈറ്റിനോടും ചോദിച്ചത്. ഏകദിനങ്ങളിൽ ഓപ്പണർ ആയ എനിക്ക് മികച്ച അനുഭവ പരിചയമുണ്ടെന്നും അതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതുമെന്നായിരുന്നു അവരുടെ മറുപടി.

തെൻഡുക്കർ വർഷങ്ങളായി ഓപ്പണറായിട്ടുണ്ടെന്നും 1998 മുതൽ ഗാംഗുലിയും ഓപ്പണർ ആയി മാറിയെന്നും പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ ഓപ്പണർ ആകാത്തതെന്ന് ഞാൻ ചോദിച്ചു. ഞാൻ മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യാമെന്നും പറഞ്ഞു. ഇതു കേട്ടപ്പോൾ ഗാംഗുലി പറഞ്ഞത് ഇതായിരുന്നു, ”ടെസ്റ്റിൽ കളിക്കണമെങ്കിൽ ഓപ്പണിങ് സ്ഥാനം മാത്രമേ എനിക്കുണ്ടാകൂ. ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഓപ്പണർ ആവാമെങ്കിൽ കളിക്കാം, അല്ലെങ്കിൽ ബെഞ്ചിൽ ഇരിക്കാം”.

അപ്പോൾ ഞാൻ ദാദയോട് ഒരു കാര്യം ആവശ്യപ്പെട്ടു. 3-4 മൽസരങ്ങളിൽ ഓപ്പണർ ആയിട്ട് ഞാൻ പരാജയപ്പെടുകയാണെങ്കിൽ അടുത്ത മൽസരത്തിൽ മധ്യനിരയിൽ എനിക്ക് സ്ഥാനം നൽകണം. ഗാംഗുലി അത് സമ്മതിച്ചു. ദാദ എനിക്ക് തന്ന ഉറപ്പ് പാലിക്കുമെന്ന് ഞാൻ കോച്ച് ജോൺ വ്രൈറ്റിനോട് പറയുകയും ചെയ്തു. പിന്നെ ചരിത്രമാണ്. ലോർഡ്സിൽ നടന്ന ആദ്യ മൽസരത്തിൽ തന്നെ ഞാൻ 84 റൺസെടുത്തു.

തെൻഡുക്കറും ഗാംഗുലിയും ദ്രാവിഡും ഞാനൊരു മണ്ടനാണെന്ന് പറഞ്ഞു. എന്താ അങ്ങനെ പറഞ്ഞതെന്ന് ഞാൻ ചോദിച്ചപ്പോൾ ലോർഡ്സിൽ ആരും സെഞ്ചുറി നേടിയിട്ടില്ലെന്നും ഞാൻ ആ അവസരം കളഞ്ഞുവെന്നുമായിരുന്നു അവരുടെ മറുപടി. 84 റൺസെങ്കിലും എടുക്കാനായല്ലോ അതു തന്നെ സന്തോഷം എന്നായിരുന്നു എന്റെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ