പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാണ് മലയാളി കൂടിയായ പേസർ ശ്രീശാന്തും സ്‌പിന്നർ ഹർഭജൻ സിങ്ങും. ഇരുവരും ഉൾപ്പെട്ട ഒരു സംഭവമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിലെ ചെകിടത്തടി വിവാദം. മുംബൈ ഇന്ത്യൻസ് നായകനായിരുന്ന ഹർഭജൻ സിങ് കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിനെ അടിച്ചുവെന്നതായിരുന്നു സംഭവം.
പിന്നാലെ സീസണിലെ അവശേഷിച്ച മത്സരങ്ങളിൽ നിന്ന് ഹർഭജനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. മൈതാനത്ത് കരയുന്ന ശ്രീശാന്തിന്രെ മുഖം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മയിലുണ്ടാകും. ആ വിവാദ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ഡൊമിനിക് തോൺലി. ശ്രീശാന്തിനോടുള്ള പെരുമാറ്റത്തിൽ ഹർഭജൻ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നാണ് തോൺലി പറയുന്നത്.
Also Read: ഇന്ത്യൻ നായകൻ; കോഹ്‌ലിയുടെ പിൻഗാമികളാകാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ ഇവർ
“മത്സരത്തിൽ ഔട്ടയപ്പോൾ ഡഗ്ഔട്ടിൽ എന്റെ അടുത്ത് വന്നാണ് ഹർഭജൻ ഇരുന്നത്. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ടൂർണമെന്റിൽ ഇത്രയധികം നിരാശപ്പെടാനുള്ള സമയം ആയിട്ടില്ലെന്നും ക്യാപ്റ്റനെന്ന നിലയിൽ ഉത്സാഹത്തോടെ തുടരണമെന്നും അദ്ദേഹത്തോട് ഞാൻ പറഞ്ഞു. അത് ശരിയാണെന്ന് അദ്ദേഹം മറുപടിയും നൽകി.” തോൺലി പറഞ്ഞു.
അഞ്ച് മിനിറ്റിന് ശേഷം അവശേഷിച്ച രണ്ട് വിക്കറ്റും നഷ്ടമായി. ഞങ്ങൾ മത്സരം പരാജയപ്പെട്ടു. പിന്നീട് താരങ്ങൾ ഷെയ്ക്ക് ഹാൻഡ് ചെയ്യുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. ഞാൻ അവരിൽ നിന്ന് നാലുപേരുടെ പുറകിലായിരുന്നു. അത് എങ്ങനെ സംഭവിച്ചുവെന്ന് ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഹോട്ടലിലും ഹർഭജൻ അസ്വസ്ഥനായിരുന്നു, താൻ അത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് ആവർത്തിച്ചു പറഞ്ഞുവെന്നും തോൺലി വ്യക്തമാക്കി.
Also Read: ഐപിഎൽ ഉപേക്ഷിച്ചാൽ ബിസിസിഐയ്ക്ക് നഷ്ടം 2,000 കോടി
മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് ഇന്നിങ്സ് 116ൽ അവസാനിക്കുകയായിരുന്നു. ശ്രീലങ്കൻ താരം സംഗക്കാരയുടെ 94 റൺസിലായിരുന്നു പഞ്ചാബ് കൂറ്റൻ സ്കോറുയർത്തിയത്.