പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൂപ്പര്‍ താരം നെയ്മര്‍ ലോകകപ്പിനുണ്ടാകുമോ എന്ന ആശങ്കിയിലാണ് ആരാധകര്‍. താരം ബ്രസീലിലേക്ക് മടങ്ങിയതോടെ ഈ ആശങ്ക രൂക്ഷമായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസവാക്കുമായി എത്തിയിരിക്കുകയാണ് നെയ്മറുടെ ഡോക്ടര്‍.

ലോകകപ്പില്‍ നെയ്മറിന് കളിക്കാന്‍ കഴിയുമെന്നാണ് താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ അറിയിച്ചത്. പരിക്കിന്റെ പിടിയിലുള്ള നെയ്മറിന് അതില്‍ നിന്നും മുക്തനാകാന്‍ ഇനിയും സമയമുണ്ടെന്ന് അഭിപ്രായപ്പെട്ട ലാസ്മര്‍ മെയ് മാസം പകുതിയോടെ നെയ്മര്‍ക്ക് കളിക്കളത്തില്‍ മടങ്ങിയെത്താന്‍ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോക്ടര്‍ മനസു തുറന്നത്.

ജൂണിലാണ് കാല്‍പ്പന്തിന്റെ പൂരത്തിന് കൊടിയുയരുന്നത്. റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ജൂണ്‍ 17ന് ബ്രസീല്‍ തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങും. സ്വിറ്റ്‌സര്‍ലാന്റാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. നേരത്തെ, നെയ്മറിന്റെ പരിക്കു കണക്കിലെടുത്ത് റഷ്യ, ജര്‍മനി ടീമുകള്‍ക്കെതിരായ സൗഹൃദ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ നീട്ടിവച്ചിരുന്നു. ഇതോടെയാണ് താരം ലോകകപ്പിനുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.

അടുത്ത ശനിയാഴ്ച ബ്രസീലിലെ ബെലൊ ഹൊറിസോണ്ടെയിലെ മാതൃ ദേയി ആശുപത്രിയിലാണ് നെയ്മറിന്റെ ശസ്ത്രക്രിയ നടക്കുക. മേയ് അവസാനത്തോടെ താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുന്നതോടെ ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും നെയ്മറിന്റെ പരിക്ക് ബ്രസീല്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ