അപകടങ്ങള്‍ റേസിങ് ട്രാക്കില്‍ പതിവാണ്. കാഴ്ചക്കാരെ ഞെട്ടലിലേക്കും ഭീതിയിലേക്കും എടുത്തെറിയുന്ന അപകടങ്ങള്‍ റേസിങ് ട്രാക്കില്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ റേസിങ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വലിയ അപകടത്തില്‍ നിന്നും അവിശ്വസനീയമാം വണ്ണം രക്ഷപ്പെട്ട ഡ്രൈവറാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ താരം.

ഫോര്‍മുല ത്രീ ഡ്രൈവര്‍ അലക്‌സ് പെറോണിയാണ് വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഫോര്‍മുല വണ്‍ ഇറ്റാലിയിന്‍ ഗ്രാന്‍പ്രീയുടെ യോഗ്യത മത്സരത്തിന് മുമ്പ് നടന്ന റേസിലായിരുന്നു സംഭവം. പത്തൊമ്പതുകാരനായ പെറോണിയാണ് അപകടത്തില്‍ പെട്ടത്. സോസേജ് കേര്‍ബില്‍ ഇടിച്ച കാര്‍ വായുവില്‍ മൂന്ന് വട്ടം മലക്കം മറിഞ്ഞ് ട്രാക്കിന്റെ പുറത്തുള്ള കമ്പിവേലിക്ക് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു.

അപകടത്തിന്റെ വ്യാപ്തി പരിഗണിക്കുമ്പോള്‍ പെറോണിക്ക് ഗുരുതര പരുക്കുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തകര്‍ന്ന കാറില്‍ നിന്നും സ്വയം പുറത്തിറങ്ങി ഓടിയെത്തിയ പെറോണി മെഡിക്കല്‍ സംഘത്തിന്റെ കാറിലേക്ക് കയറി. ഇതോടെ കാഴ്ചക്കാര്‍ക്ക് ആശ്വാസമായി. താരത്തിന് നട്ടെല്ലിനും തലയ്ക്കും പരുക്കുകളുണ്ടെങ്കിലും ഗുരുതരമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook