ആന്റിഗ്വെ: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ അപ്രതീക്ഷിത പരാജയം ഏറ്റ് വാങ്ങി. മുൻ നായകൻ ധോണി 114 പന്തിൽ 54 റണ്‍സ് ആണ് നോടിയത്. ഒരു ബൗണ്ടറി മാത്രമുള്ള ഇന്നിംഗ്സ്. സ്ട്രൈക്ക് റേറ്റ് 47.36 മാത്രം. ഒപ്പം പതിനാറ് വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗം കുറഞ്ഞ അര്‍ദ്ധ സെഞ്ച്വറിയെന്ന ‘ബഹുമതി’യും. ഇത് ധാരാളമായിരുന്നു ധോണി ഹേറ്റേഴ്സിന് മുൻ നായകനെ ട്രോളാൻ. പക്ഷേ, കളികണ്ടിരുന്നവർ ഈ ഇന്നിംഗ്സിന്‍റെ പേരിൽ ധോണിയെ കുറ്റപ്പെടുത്തില്ല എന്നതാണ് സത്യം. കാരണം വിക്കറ്റ് കാത്ത് സൂക്ഷിക്കേണ്ടത് അത്രത്തോളം അനിവാര്യമായ ഘട്ടത്തിലായിരുന്നു ധോണിയുടെ ഈ മെല്ലെപ്പോക്ക് കളി.

മഴ മൂലം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ വിന്‍ഡീസിനെ ഇന്ത്യ 188 റണ്‍സിന് ഒതുക്കിയിരുന്നു. ഇന്ത്യയുടെ കിടയറ്റ ബാറ്റിങ് നിരയ്ക്ക് അത് മറികടക്കാനാകുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍ വിക്കറ്റുകള്‍ ഒന്നൊന്നായി പൊഴിഞ്ഞു വീണു. അപ്പോഴും ഒരറ്റത്ത് ധോനി പിടിച്ചു നിന്നു. അവസാന ഓവറിന് തൊട്ടുമുമ്പ് വില്ല്യംസിന്റെ പന്തില്‍ ജോസഫിന് ക്യാച്ച് നല്‍കി എട്ടാമനായി ധോനി മടങ്ങി. 49.4 ഓവറില്‍ 178ന് ഇന്ത്യ ക്രീസ് വിടുകയും ചെയ്തു.

47/3 എന്ന നിലയിൽ ദിനേശ് കാർത്തിക് പുറത്താകുന്പോഴാണ് ധോണി ക്രീസിലെത്തുന്നത്. കൂട്ടായി ഉണ്ടായിരുന്നത് മികച്ച ഫോമിലായിരുന്ന അജിങ്ക്യ രഹാനെയും. ഇവർ മുന്നേറിയപ്പോൾ 189 എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുമെന്നാണ് തോന്നിയത്. എന്നാൽ 54 റണ്‍സ് കൂട്ടിച്ചേർത്ത് ടീം സ്കോർ 101-ൽ എത്തിയപ്പോൾ 60 റണ്‍സുമായി രഹാനെ മടങ്ങി. 31-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു രഹാനെയുടെ മടക്കം. പിന്നാലെ വന്ന കേദാർ ജാദവ് (10), ഹർദിക് പാണ്ഡ്യ (20) എന്നിവർ പെട്ടെന്ന് മടങ്ങി.

20 റണ്‍സിനിടെ മനോഹരമായ ഒരു സിക്സർ നേടിയ പാണ്ഡ്യയെ ധോണി അഭിനന്ദിക്കുകയല്ല ചെയ്തത്. പന്ത് ഉയർത്തിയടിച്ചാൽ കാറ്റിൽ പന്ത് പോകാതെ ബൗണ്ടറിയിൽ പിടിവീഴുമെന്ന് ഓർമിപ്പിക്കുന്നതും കാണാമായിരുന്നു. എന്നാൽ വിൻഡീസ് ക്യാപ്റ്റൻ ഹോൾഡറിന്‍റെ മനോഹരമായ ഒരു യോർക്കർ പാണ്ഡ്യയെ വീഴ്ത്തി. ധോണിക്ക് കൂട്ടായി രവീന്ദ്ര ജഡേജ ക്രീസിലുള്ളപ്പോഴും വിജയ പ്രതീക്ഷയുണ്ടായിരുന്നു. 48-ാം ഓവറിലെ മൂന്നാം പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ജഡേജ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ധോണിക്ക് സമ്മർദ്ദമുണ്ടാക്കിയതും മത്സരം കൈവിട്ടുപോകാനുള്ള പ്രധാന കാരണവും. 16 പന്തിൽ 17 റണ്‍സ് ആവശ്യമായ സമയത്തായിരുന്നു പന്ത് ഉയർത്തിയടിച്ച് ലോംഗ് ഓണിൽ ക്യാച്ച് നൽകിയുള്ള ജഡേജയുടെ മടക്കം. പിന്നാലെ വന്ന മത്സരപരിചയം കുറവുള്ള കുൽദീപ് യാദവ് റണ്‍സ് നേടാൻ കഴിയാതെ പന്തുകൾ നഷ്ടപ്പെടുത്തി. ഇതോടെ ക്ഷമവിട്ട് കൂറ്റനടികൾക്ക് പോകാൻ ധോണി നിർബന്ധിതനായി. സ്കോർ 176-ൽ നിൽക്കേ 49-ാം ഓവറിലെ അവസാന പന്തിൽ ധോണി വീണു. അതോടെ തീർന്നു ഇന്ത്യ.

1999-ൽ കെനിയയ്ക്കെതിരേ 117 പന്തിൽ അർധ സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശാണ് വേഗം കുറഞ്ഞ അർധ സെഞ്ചുറിയിൽ ധോണിക്ക് മുൻപിലുള്ളത്. മത്സരശേഷം പവലിയനില്‍ ദു:ഖം കടിച്ചമര്‍ത്തി നില്‍ക്കുന്ന ധോനിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ