ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി നായന്‍ വിരാട് കോഹ്‌ലി. ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ടതിനാല്‍ വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് കോഹ്‌ലി പറഞ്ഞു. അതിനിടെ സെഞ്ച്വറി നേടി ഇന്ത്യയുടെ അടിതെറ്റിച്ച ലെവിസ് നല്‍കിയ രണ്ട് ക്യാച്ചുകള്‍ ഇന്ത്യ കൈവിടുകയും ചെയ്തിരുന്നു. മുഹമ്മദ് ഷമിയും ദിനേശ് കാര്‍ത്തിക്കുമായിരുന്നു ക്യാച്ചുകള്‍ കൈവിട്ടത്.

‘മികച്ച ബാറ്റിങ് ട്രാക്കായിരുന്നു, അവിടെ 230 റണ്‍സ് വരെ നേടാമായിരുന്നുവെങ്കിലും കഴിഞ്ഞില്ല, ഫീല്‍ഡിങ്ങില്‍ ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു, ബൗളിങ്ങില്‍ നല്ല തുടക്കം ലഭിക്കാത്തതും തിരിച്ചടിയായി, അവസരങ്ങള്‍ മുതലക്കാനായില്ലെങ്കില്‍ ടീം വിജയം അര്‍ഹിക്കുന്നില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യില്‍ ഇന്ത്യ ഇപ്പോഴും പരിവര്‍ത്തനഘട്ടത്തിലാണ്, കളിയില്‍ ചില മോശം ദിവസങ്ങളുണ്ടാവും’ ഇന്ത്യൻ നായകന്‍ പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ മത്സരം ഒൻപത് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്. സ്വന്തം നാട്ടിൽ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറി നേടുന്ന ആദ്യ വിൻഡീസ് താരം, ട്വന്റി ട്വന്റി മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം, ഒരു വിൻഡീസ് താരം ഇന്ത്യയ്ക്കെതിരെ നേടുന്ന ഉയർന്ന വ്യക്തിഗത ട്വന്റി ട്വന്റി സ്കോർ തുടങ്ങി ഇവിൻ ലൂയിസ് ഒരുപിടി നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

62 പന്തിൽ നിന്നാണ് ഇന്ത്യക്കെതിരെ ഇവാൻ ലൂയിസ് 125 റൺസ് നേടിയത്. ഇതോടെ ഏക ട്വന്റി ട്വന്റി മത്സരത്തിൽ ഉജ്ജ്വല വിജയം ആതിഥേയർ നേടി. 12 സിക്സുകളും ആറ് ഫോറുകളുമാണ് ഇവാന്റെ ബാറ്റിൽ നിന്ന് പിറന്നത്.

ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. നന്നായി ബാറ്റ് വീശിയ ഇന്ത്യൻ താരങ്ങൾ ചേർന്ന് ടീം സ്കോർ 20 ഓവറിൽ ആറിനു 190 എന്ന നിലയിലെത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇവാൻ തുടക്കം മുതൽ തന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.

പതിനഞ്ച് മാസങ്ങൾക്ക് ശേഷം രാജ്യാന്തര ട്വന്റി ട്വന്റി മത്സരത്തിന് ഇറങ്ങിയ ക്രിസ് ഗെയ്‌ൽ (18) അപകടകാരിയാകും മുൻപ് മടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് ഇന്ത്യൻ ബൗളർമാർക്ക് മത്സരം കൈപ്പിടിയിലാക്കാൻ സാധിച്ചില്ല.

ഒന്നാം വിക്കറ്റിലെത്തിയ മർലോൺ സാമുവൽസ് (36), ഇവാൻ ലൂയിസിന് മികച്ച പങ്കാളിയായി. ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു.

നേരത്തെ, ക്യാപ്റ്റൻ കോഹ്‌ലിയും(39) ധവാനും(23) നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാൽ കൂടുതൽ ആക്രമണകാരികളാകും മുൻപ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തി വിൻഡീസ് ബൗളർമാർ ഇന്ത്യയെ ഞെട്ടിച്ചു.

വില്യംസിന്റെ പന്തിൽ നരേന് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്. ധവാൻ റണ്ണൗട്ടാവുകയായിരുന്നു. മെല്ലെ തുടങ്ങിയ ഋഷഭ് പന്ത് അവസാന ഓവറുകളിൽ നന്നായി ബാറ്റ് വീശി. 38 റൺസായിരുന്നു ഇദ്ദേഹത്തിന്റെ സമ്പാദ്യം. ദിനേശ് കാർത്തിക് 48 റൺസുമായി ഇന്ത്യൻ നിരയിലെ ടോപ് സ്കോററായി.

ധോണി രണ്ടും ജാദവ് നാലും റൺസ് എടുത്ത് പുറത്തായപ്പോൾ രവീന്ദ്ര ജഡേജ 13ഉം അശ്വിൻ 11ഉം റൺസ് നേടിി പുറത്താകാതെ നിന്നു. 18.3 ഓവറിലാണ് വിൻഡീസ് 194 റൺസ് നേടി വിജയതീരം കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ