ന്യൂഡല്‍ഹി: ബിസിസിഐ വിലക്ക് നശിപ്പിച്ചു കളഞ്ഞ കരിയറിന് ഔദ്യോഗികമായി വിരാമമിടുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ. ഒരു കാലത്ത് ആരാധകരുടെ പ്രിയപ്പെട്ടവനായിരുന്ന, ഭാവിയിലെ താരമായി മാറുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് മോംഗിയ. ഇന്ത്യയ്ക്ക് വേണ്ടി അവസാന മത്സരം കളിച്ച് 12 വര്‍ഷം കഴിയുമ്പോഴാണ് വിരമിക്കല്‍ തീരുമാനം.

2003 ലെ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ടീമിലംഗമായിരുന്നു മോംഗിയ. 42-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 2007 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മോംഗിയ ഇന്ത്യയ്ക്കായി അവസാനമായി കളിക്കളത്തിലിറങ്ങിയത്. വിമത ലീഗായ ഐസിഎല്ലില്‍ കളിക്കാനെടുത്ത തീരുമാനമാണ് മോംഗിയയുടെ കരിയറിനെ നശിപ്പിച്ചു കളഞ്ഞത്.

ഐഎസിഎല്ലിന്റെ ഭാഗമായ താരങ്ങളെ ബിസിസിഐ വിലക്കിയിരുന്നു. പിന്നീട് താരങ്ങളുടെ വിലക്ക് എടുത്തു മാറ്റി. എന്നാല്‍ മോംഗിയയുടെ വിലക്ക് മാറ്റാന്‍ ബിസിസിഐ കൂട്ടാക്കിയില്ല. ഒത്തുകളി ആരോപണമായിരുന്നു തീരുമാനത്തിന് പിന്നില്‍. ന്യൂസിലന്‍ഡ് താരം ലൂ വിന്‍സന്റ് സഹതാരം ക്രിസ് കെയ്ന്‍സിനും മോംഗിയയ്ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതാണ് വിനയായത്.

ഇന്ത്യയ്ക്കായി 57 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മോംഗിയയുടെ അരങ്ങേറ്റം ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു. 1230 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. 2002 ല്‍ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അന്ന് യുവരാജുമൊത്ത് 158 റണ്‍സും കൂട്ടിച്ചേര്‍ത്തിരുന്നു. അവസാനമായി മോംഗിയ മൈതാനത്തിറങ്ങിയത് പഞ്ചാബിന് വേണ്ടി 2007 ലായിരുന്നു.

Read Here: കുതിച്ച് പാഞ്ഞ ഡികോക്കിനെ പറന്നു പിടിച്ച് കോഹ്‌ലി, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook