ഐപിഎല്ലിൽ 6 ടീമുകൾക്കുവേണ്ടി കളിച്ചിട്ടുളള താരമാണ് ദിനേശ് കാർത്തിക്. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ്, ഗുജറാത്ത് ലയൺസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയാണവ. പക്ഷേ താനേറെ ഇഷ്ടപ്പെടുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാകാൻ ഇതുവരെ കാർത്തിക്കിന് കഴിഞ്ഞിട്ടില്ല.
തന്റെ സ്വന്തം നാട്ടിലെ ടീമായ ചെന്നൈ സൂപ്പർ കിങ്സ്, ഇത്ര വർഷം കഴിഞ്ഞിട്ടും തന്നെ പരിഗണിക്കാത്തത് അദ്ഭുതപ്പെടുത്തിയെന്ന് കാർത്തിക് നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്ലിന്റെ ആദ്യ സീസണിൽ തനിക്ക് പകരം ധോണിയെ തിരഞ്ഞെടുത്തത് ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്നതുപോലെയുളള വേദനയുണ്ടാക്കിയെന്ന് പറയുകയാണ് കാർത്തിക്. ക്രിക്ബസിൽ ഹർഷ ബോഗ്‌ലെയുമായുളള ചാറ്റ് ഷോയിലാണ് കാർത്തിക് ഇക്കാര്യം പറഞ്ഞത്.
” ആദ്യം അവർ തിരഞ്ഞെടുത്ത പേര് (ആദ്യ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ്) എം.എസ്.ധോണിയുടേതായിരുന്നു. 1.5 മില്യൻ ആയിരുന്നു ധോണിയെ ലേലം വിളിച്ചെടുത്തത്. എന്റെ വലതു വശത്തായി കോർണറിൽ ഇരിക്കുകയായിരുന്നു ധോണി. സിഎസ്കെ തന്നെ ടീമിലെടുക്കാൻ പോകുന്നുവെന്നതിനെ കുറിച്ച് ഒരു വാക്കുപോലും ധോണി എന്നോട് പറഞ്ഞിരുന്നില്ല. ധോണിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഞാൻ ഊഹിച്ചു. പക്ഷേ, എനിക്കത് ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദനയുണ്ടാക്കി,” കാർത്തിക് പറഞ്ഞു.
Read Also: ധോണിയും കോഹ്‌ലിയുമല്ല; ഇഷ്ട നായകൻ ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്
”എന്നെ അവർ പിന്നീട് തിരഞ്ഞെടുക്കുമെന്ന് കരുതി. ഇപ്പോൾ 13 വർഷമായി. സിഎസ്കെയിൽനിന്നുളള കോളിനായി ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു,” ചിരിച്ചുകൊണ്ട് കാർത്തിക് പറഞ്ഞു.
ലേലത്തിൽ സിഎസ്കെ തന്നെ വിളിക്കുമെന്നായിരുന്നു സ്വയം വിശ്വസിച്ചിരുന്നതെന്നും കാർത്തിക് അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽനിന്നുളള മികച്ച കളിക്കാരൻ ചെന്നൈ ടീമിനുവേണ്ടി കളിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. സിഎസ്കെ തന്റെ പേരായിരിക്കുമോ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയെന്ന ഒറ്റ ചോദ്യമേ ലേലത്തിനു മുൻപ് തന്റെ മനസ്സിലുണ്ടായിരുന്നുളളൂവെന്നും കാർത്തിക് വെളിപ്പെടുത്തി.
Read Also: CSK picking MS Dhoni over me was like dagger to my heart: Dinesh Karthik