മുംബൈ: കേപ്ടൗൺ ടെസ്റ്റിനിടെ പരുക്കേറ്റ വൃദ്ധിമാൻ സാഹ മൂന്നാം ടെസ്റ്റിലും കളിക്കില്ല. ഇടത് കൈയ്ക്ക് പരുക്കേറ്റ സാഹയെ രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. വൃദ്ധിമാൻ സാഹയ്ക്ക് പകരം ദിനേശ് കാർത്തിക്കിനെ ടീമിൽ എടുക്കാൻ ബിസിസിഐ നിശ്ചയിച്ചു. സയീദ് മുഷ്താഖ് അലി ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുന്ന കാർത്തിക് ഉടൻ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.

ഏട്ട് വർഷത്തിന് ശേഷമാണ് ദിനേശ് കാർത്തിക് ടെസ്റ്റ് ടീമിലേക്ക് എത്തുന്നത്. രഞ്ജി ട്രോഫിയിൽ തമിഴ്നാടിന് വേണ്ടി മികച്ച പ്രകടനമാണ് കാർത്തിക് പുറത്തെടുത്തത്. ഏകദിന ടീമിൽ അംഗമായ കാർത്തിക് സമീപ കാലത്ത് ലഭിച്ച അവസരങ്ങൾ എല്ലാം പരമാവധി ഉപയോഗിച്ചിരുന്നു.

മലയാളി താരം സഞ്ജു വി.സാംസണെ സെലക്ഷനായി പരിഗണിച്ചിരുന്നു. എന്നാൽ അനുഭവ സമ്പന്നനായ ദിനേശ് കാർത്തിക്കിന് അവസരം നൽകാനാണ് സെലക്ഷൻ കമ്മറ്റി തീരുമാനിച്ചത്. രഞ്ജി ട്രോഫിയിലും സയീദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്.

രണ്ടാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി സെലക്ഷൻ ലഭിച്ച പാർത്ഥിവ് പട്ടേലിന്റെ പ്രകടനം വളരെ മോശമായിരുന്നു. സ്ലിപ് ഫീൽഡർമാരുമായുള്ള ആശയകുഴപ്പം കാരണം നിരവധി പിഴവുകളാണ് പാർത്ഥിവ് വരുത്തിയത്. അതിനാൽ മൂന്നാം ടെസ്റ്റിൽ ദിനേശ് കാർത്തിക് ഇന്ത്യയുടെ അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook