ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടുത്തോളം ബംഗ്ലാദേശിനെതിരായ മത്സരം ഏറെ നിര്‍ണായകമാണ്. മുന്‍ നിര ടീമുകള്‍ക്കൊപ്പം കളിക്കുമ്പോള്‍ പോലും ഇന്ത്യ ഇത്രയും സമ്മര്‍ദത്തിലാകാറില്ല. എന്നാല്‍, ബംഗ്ലാദേശിനൊപ്പം കളിക്കുമ്പോള്‍ ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ് കൂടുതലാണ്. കളിക്കളത്തിലും പുറത്തും പരസ്പരം കൊമ്പുകോര്‍ക്കുന്നവരാണ് ഇന്ന് വാശിയേറിയ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ഇടം പിടിച്ചത് ഇന്ത്യന്‍ ആരാധകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ലോകകപ്പ് ടീമില്‍ ഉണ്ടായിട്ടും അന്തിമ ഇലവനില്‍ ഇടം പിടിക്കാന്‍ ദിനേശ് കാര്‍ത്തിക്കിന് എട്ടാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണവും വിജയിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ നിര്‍ണായക വിജയത്തിനായുള്ള മത്സരത്തില്‍ കാര്‍ത്തിക് ടീമിന്റെ ഭാഗമായിരിക്കുകയാണ്. അവശേഷിക്കുന്ന രണ്ട് കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലേക്ക് പ്രവേശിക്കും.

34 കാരനായ ദിനേശ് കാര്‍ത്തിക് തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിനായി കളത്തിലിറങ്ങുന്നത്. 2004 ലാണ് കാര്‍ത്തിക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. അതിനു ശേഷം നടക്കുന്ന നാലാമത്തെ ലോകകപ്പാണ് ഇത്. ഇതിനിടയില്‍ കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ഇന്ത്യക്കായി കളത്തിലിറങ്ങാന്‍ കാര്‍ത്തികിന് സാധിച്ചിട്ടില്ല. ഇക്കാലയളവില്‍ പലപ്പോഴും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. ഏറെ നാള്‍ പുറത്തിരിക്കേണ്ടി വന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ വീണ്ടും ടീമിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചു. അതിനിടയിലാണ് 2019 ലോകകപ്പ് ക്രിക്കറ്റ് ടീമിലേക്ക് കാര്‍ത്തിക് എത്തുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ 91 ഏകദിന മത്സരങ്ങളാണ് കാര്‍ത്തിക് ഇതുവരെ കളിച്ചിരിക്കുന്നത്. 31.03 ശരാശരിയില്‍ 1,738 റണ്‍സാണ് ഏകദിനത്തില്‍ കാര്‍ത്തിക് നേടിയിരിക്കുന്നത്. നാലാമനായും അഞ്ചാമനായും ക്രീസില്‍ എത്താറുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് പല അത്യാവശ്യ ഘട്ടങ്ങളിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്.

കാര്‍ത്തികിന്റെ മാച്ച് വിന്നിങ് പ്രകടനത്തെ കുറിച്ച് അറിയണമെങ്കില്‍ അത് ആദ്യം ചോദിക്കേണ്ടത് ഇന്ന് ഇന്ത്യയുടെ എതിരാളികളായ ബംഗ്ലാദേശിനോട് തന്നെയാണ്. 2018 മാര്‍ച്ച് 18 നായിരുന്നു നിദാഹസ് ട്രോഫിക്കായുള്ള കലാശ പോരാട്ടം. ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശും. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 166 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് പിടിച്ചുകെട്ടാന്‍ ശ്രമിച്ചു. കളി അവസാന ഓവറിലേക്ക് നീണ്ടു. അനായാസ വിജയം ലക്ഷ്യം വച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് ബംഗ്ലാദേശ് കനത്ത വെല്ലുവിളി ഉയര്‍ത്തി. ഒടുവില്‍ ഒരു പന്തില്‍ നിന്ന് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. ക്രീസിലുണ്ടായിരുന്നത് ദിനേശ് കാര്‍ത്തിക്. അപ്രതീക്ഷിതമെന്ന് എല്ലാവരും കരുതിയത് തന്നെ സംഭവിച്ചു. ബംഗ്ലാ കടവുകള്‍ കണ്ണീരണിഞ്ഞു. ദിനേശ് കാര്‍ത്തിക് ഇന്ത്യയ്ക്കായി അവസാന പന്തില്‍ സിക്‌സര്‍ നേടുകയായിരുന്നു.

അവസാന മൂന്ന് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 35 റണ്‍സായിരുന്നു. ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയെ സഹായിച്ചത് ദിനേശ് കാര്‍ത്തികും. എട്ട് പന്തില്‍ നിന്ന് 29 റണ്‍സാണ് കാര്‍ത്തിക് അന്ന് അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്. വീണ്ടും ബംഗ്ലാദേശിനെതിരെ ഒരു നിര്‍ണായക മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ഇടം പിടിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഒരു വെടിക്കെട്ട് ഇന്നിങ്‌സാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook