മികച്ച ഒരു ഐപിഎൽ സീസണിന് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്. ഞായറാഴ്ച കട്ടക്കിൽ നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടി20യിൽ 21 പന്തിൽ 30 റൺസ് നേടി ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുന്നതിലൊക്കെ നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ മത്സരത്തിൽ നാല് വിക്കറ്റിന് ഇന്ത്യ തോൽവി വഴങ്ങി.
മത്സരത്തിന് മുൻപ് ദിനേശ് കാർത്തിക് ബിസിസിഐ ടിവിയുടെ ‘ദിസ് ആൻഡ് ദാറ്റ്’ എന്ന സെഗ്മെന്റിൽ പങ്കെടുത്തിരുന്നു. അതിൽ തന്റെ പ്രിയപ്പെട്ട ടെന്നീസ് താരവും ഫുട്‍ബോളറും ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്. റോജർ ഫെഡററെയും ദിനേശ് കാർത്തികിനെയുമാണ് ദിനേശ് കാർത്തിക് തിരഞ്ഞെടുത്തത്.
ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. രണ്ടു ഓപ്‌ഷനുകൾ വീതം നൽകി അതിൽ ഒന്ന് തിരഞ്ഞെടുക്കുക എന്നതായിരുന്നു ദിനേശ് കാർത്തിക്കിന് നൽകിയ നിർദേശം. അതിൽ നിന്നാണ് കാർത്തിക് ഓരോരുത്തരെ തിരഞ്ഞെടുത്തത്.
“ഞാൻ ഒരു റോജർ ഫെഡററുടെ ആരാധകനാണ്. റോജർ ഫെഡററുമായി ഒരു ലഞ്ച് കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കളിക്കളത്തിന് അകത്തും പുറത്തുമുള്ള സ്വഭാവരീതികൾ കൊണ്ട് എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്, ”ദിനേഷ് കാർത്തിക് ഫെഡററെ തിരഞ്ഞെടുത്ത ശേഷം പറഞ്ഞു.
ലയണൽ മെസ്സി വ്യത്യസ്തനാണെന്നും അതുകൊണ്ട് തന്നെ അയാളെ കൂടുതൽ ഇഷ്ടമാണെന്നും റൊണാൾഡോയ്ക്ക് പകരം മെസിയെ തിരഞ്ഞെടുത്ത് കാർത്തിക് പറഞ്ഞു. ഒരാളുടെ മനസ് വായിക്കാൻ കഴിഞ്ഞാൽ അത് ധോണിയുടെ ആവുമെന്നും തന്റെ ജീവിതം ബുക്ക് ആകുന്നതിനേക്കാൾ സിനിമയാക്കാൻ ആണ് ഇഷ്ടമെന്നും കാർത്തിക് വ്യക്തമാക്കി.
കാപ്പിയേക്കാൾ ഇഷ്ടം ചായ ആണെന്നും ബീച്ചിനേക്കാൾ പോകാൻ ഇഷ്ടം മലകളിലേക്ക് ആണെന്നും മസ്താങ് കാറിനേക്കാൾ ലംബോര്ഗിനിയാണ് ഇഷ്ടമെന്നും കാർത്തിക് വീഡിയോയിൽ പറയുന്നുണ്ട്.
Also Read: സച്ചിനോടോ ദ്രാവിഡിനോടോ മത്സരിച്ചിട്ടില്ല; ഉത്തരവാദിത്വം പങ്കിട്ടു: ഗാംഗുലി