ബെംഗളൂരു: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം ആണെന്ന് ഇന്ത്യന്‍ ആരാധകര്‍ക്കിടിയില്‍ പൊതുവായൊരു അഭിപ്രായമുണ്ട്. എന്നാല്‍ ധോണിയ്‌ക്ക് മാത്രമല്ല തനിക്കും അതൊക്കെ പറ്റുമെന്ന് കാണിച്ചു തരികയാണ് ദിനേശ് കാര്‍ത്തിക്.

ഇന്നലെ അവസാനിച്ച അഫ്‌ഗാനിസ്ഥാനെതിരായ ടെസ്റ്റിനിടെയായിരുന്നു സംഭവം. ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്റെ പന്തില്‍ അഫ്‌ഗാന്റെ വെറ്ററന്‍ താരം മുഹമ്മദ് നബി പുറത്തായതായിരുന്നു സംഭവം.

അഫ്‌ഗാന്‍ സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 23 എന്ന നിലയിലെത്തിയിരിക്കുന്നു അപ്പോള്‍. ഉമേഷിന്റെ പന്ത് നബിയുടെ പാഡില്‍ ഉരസി പോയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ട് ഔട്ടാണെന്ന് വിധിച്ചു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്നും കാര്‍ത്തിക് നായകന്‍ രഹാനെയോട് റിവ്യൂ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കാര്‍ത്തിക്കിന്റെ നിഗമനം ശരിയായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് റിവ്യൂവില്‍ നബി എല്‍ബി ആയിരുന്നുവെന്ന് വ്യക്തമായതോടെ തീരുമാനം തിരുത്തുകയായിരുന്നു. ക്രിക്കറ്റ് ആരാധകരില്‍ നിന്നും കാര്‍ത്തിക്കിന്റെ നിരീക്ഷണം പ്രശംസ നേടുകയാണ്.

അതേസമയം, അഫ്‌ഗാന്റെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയമാണ് ഇന്ത്യ കുറിച്ചത്. രണ്ടാം ദിവസം തന്നെ കളി അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം കൊയ്‌തത്. രണ്ടാം ദിവസം ഫോളോ ഓണ്‍ ചെയ്‌ത അഫ്‌ഗാനെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ