ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടിരുന്നു. നിർണായകമായ അവസാന മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യ ആഥിതേയരോട് പരാജയപ്പെട്ടത്. തോൽവിയ്ക്ക് പിന്നാലെ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിന് ഏറെ പഴികേൾക്കേണ്ടിയും വന്നിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ ക്രുണാൽ പാണ്ഡ്യയ്ക്ക് സ്ട്രൈക്ക് മാറാൻ തയറാകാതെ സിംഗിൾ നിഷേധിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

എന്നാൽ ഇപ്പോൾ ആരാധകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക് തന്നെ. ഇന്ത്യ തകർന്നടിഞ്ഞ ഘട്ടത്തിൽ നിന്നും ഇന്ത്യൻ പ്രതീക്ഷകൾ അവസാന പന്ത് വരെ സജീവമാക്കാൻ കഴിഞ്ഞത് ദിനേശ് കാർത്തിക്കിന്റെയും ക്രുണാൽ പാണ്ഡ്യയുടെയും ബാറ്റിങ് മികവാണ്. ആ സാഹചര്യത്തിൽ സിക്സ് അടിയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നതിനാലാണ് സിംഗിൾ നിഷേധിച്ചതെന്ന് കാർത്തിക് പറഞ്ഞു.

“ഞാനും ക്രുണാലും നന്നായി തന്നെയാണ് ബാറ്റ് വീശിയത്. ഇന്ത്യയെ തകർച്ചയിൽ നിന്ന് ന്യൂസിലൻഡ് ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. അതിന് ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു. സിക്സടിയ്‌ക്കാം എന്ന് ഉറപ്പ് തോന്നിയത് കൊണ്ടാണ് സിംഗിൾ നിഷേധിച്ചത്,” കാർത്തിക് പറഞ്ഞു.

ഒരു മധ്യനിര ബാറ്റ്സ്മാൻ എന്ന നിലയിൽ ചിലപ്പോൾ നമ്മൾ നമ്മളുടെ തന്നെ അത്തരം കഴിവുകളെ വിശ്വസിക്കണമെന്നും, അതുപോലെ തന്നെ നമ്മുടെ പങ്കാളിയെയും വിശ്വസിക്കണമെന്നും കാർത്തിക് പറഞ്ഞു. ക്രിക്കറ്റിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ്. ചിലപ്പോൾ നമുക്ക് ബൗണ്ടറി കണ്ടെത്താൻ സാധിക്കും, ചിലപ്പോൾ ബൗളർമാരാകും തിളങ്ങുന്നതെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

മധ്യനിരയിൽ ഇന്ത്യയുടെ വിശ്വസ്തനായി കാർത്തിക് മാറി കഴിഞ്ഞു. എന്നാൽ ലോകകപ്പിന് മുമ്പ് മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് താരം. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി കാർത്തിക് വേണമെന്ന വാദവും ശക്തമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ