ന്യൂഡൽഹി: നിദാഹാസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ദിനേശ് കാർത്തിക് ഇനി ഐപിഎല്ലിനുളള ഒരുക്കത്തിലാണ്. ഐപിഎൽ മൽസരങ്ങൾക്ക് ഇനി അധികം നാളുകളില്ല. താരങ്ങളെല്ലാം തന്നെ കഠിന പരിശീലനത്തിലാണ്. തങ്ങളുടെ ടീമുകളെ വരവേൽക്കാൻ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് ദിനേശ് കാർത്തിക്. അപ്രതീക്ഷിതമായാണ് കൊൽക്കത്തയെ നയിക്കാനുളള ചുമതല കാർത്തിക്കിന് വന്നുചേർന്നത്. എന്നാൽ കൊൽക്കത്തയെക്കാളും മറ്റൊരു ടീമിനൊപ്പം കളിക്കാനാണ് താൻ ഏറെ ആഗ്രഹിക്കുന്നതെന്ന് ദിനേശ് കാർത്തിക് ദി ഹിന്ദു ദിനപത്രത്തിനോട് പറഞ്ഞു.

”എന്നെങ്കിലും ഒരിക്കൽ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ഐപിഎൽ തുടങ്ങിയപ്പോൾ തന്നെ ഞാൻ കരുതിയത് ചെന്നൈക്കുവേണ്ടി എനിക്ക് കളിക്കാനാവുമെന്നാണ്. പക്ഷേ ഇപ്പോൾ 10 വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ ഒന്നും സംഭവിച്ചില്ല. എന്റെ സ്വപ്നം നടക്കുമോയെന്ന് അറിയില്ല. എനിക്കെന്നെങ്കിലും ചെന്നൈയ്ക്കുവേണ്ടി കളിക്കാൻ സാധിക്കുമോയെന്നും അറിയില്ല. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈ നഗരത്തിലാണ്. അതിനാൽ തന്നെ ചെന്നൈ ടീമിനുവേണ്ടി കളിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു”, കാർത്തിക് പറഞ്ഞു.

ഐപിഎല്ലിൽ ഒരു ടീമിനെ നയിക്കാൻ കിട്ടിയ അവസരം വലിയൊരു ആദരവായിട്ടാണ് താൻ കരുതുന്നതെന്നും കാർത്തിക് പറഞ്ഞു. എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം നന്നായി നിറവേറ്റും. ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ എന്നിവരുടെ ആരാധകർ ടീമിനോട് കൂറു പുലർത്തുന്നവരാണ്. അതാണ് ഐപിഎല്ലിന്റെ സൗന്ദര്യം. ചെന്നൈ സൂപ്പർ കിങ്സിന്റെ മികച്ച പ്രകടനമാണ് അവർക്ക് വലിയൊരു ആരാധക കൂട്ടത്തെ നേടിക്കൊടുത്തതെന്നും കാർത്തിക് പറഞ്ഞു.

10 വർഷത്തിനിടയിൽ ഐപിഎല്ലിൽ 6 ടീമുകൾക്കുവേണ്ടി ദിനേശ് കാർത്തിക് കളിച്ചിട്ടുണ്ട്. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ്, ഗുജറാത്ത് ലയൺസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയാണവ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ