രണ്ട് വട്ടം ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ സീസണിലേക്ക് ക്യാപ്റ്റനെ പ്രഖ്യാപിച്ചു. 32 കാരനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ദിനേശ് കാർത്തിക്കാണ് ഗൗതം ഗംഭീറിന് ശേഷം കൊൽക്കത്തയെ നയിക്കാനുളള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ 7.4 കോടിക്കാണ് ദിനേശ് കാർത്തിക്കിനെ ടീം സ്വന്തമാക്കിയത്. ദിനേശ് കാർത്തിക്കിനെ നായകനാക്കിയ ടീം വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് റോബിൻ ഉത്തപ്പയെ ആണ് നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച കാർത്തിക്ക് 361 റൺസാണ് ആകെ നേടിയത്. “കഴിഞ്ഞ പത്ത് വർഷമായി മികച്ച രീതിയിൽ കളിക്കുന്ന ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടീമിന് മികച്ച ചരിത്രമുണ്ട്. ടീമിനെ നയിക്കാനായതിൽ വളരെയേറെ സന്തോഷവും അഭിമാനവും ഉണ്ട്. ജാക്വസ് കാല്ലിസിന് കീഴിൽ പരിശീലനം ആരംഭിക്കും. ഗൗതം ഗംഭീർ അവസാനിപ്പിച്ച ഇടത്തു നിന്നും ടീമിനെ മുന്നോട്ട് നയിക്കാനാണ് താൻ ആഗ്രഹിക്കുന്നത്,” ക്യാപ്റ്റൻ പ്രഖ്യാപനത്തിന് ശേഷം ദിനേശ് കാർത്തിക് പറഞ്ഞു.
ഇന്ത്യൻ ടീമിൽ പോലും സ്ഥിര നിയമനം ലഭിച്ചിട്ടില്ലെങ്കിലും ദിനേശ് കാർത്തിക്കിന് ആഭ്യന്തര ലീഗിൽ മികച്ച റെക്കോഡുണ്ട്. 2009-10 സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാട് കിരീടം നേടിയത് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ്.
ടുടി പാട്രിയോട്സ് ടീമിനെ 2016 ലെ തമിഴ്നാട് പ്രീമിയർ ലീഗിൽ കിരീട നേട്ടത്തിലേക്ക് എത്തിക്കാനും നായകനെന്ന നിലയിൽ ദിനേശ് കാർത്തിക്കിന് സാധിച്ചിരുന്നു.
കൊൽക്കത്ത ടീം: ദിനേശ് കാർത്തിക്(ക്യാപ്റ്റൻ), റോബിൻ ഉത്തപ്പ(വൈസ് ക്യാപ്റ്റൻ), സുനിൽ നരൈൻ, ആൻഡ്രൂ റസൽ, ക്രിസ് ലിൻ, മിച്ചൽ സ്റ്റാർക്, കുൽദീപ് യാദവ്, പിയൂഷ് ചൗള, നിതീഷ് റാണ, കമലേഷ് നാഗർകോട്ടി, ശിവം മവി, മിച്ചൽ ജോൺസൺ, ഷുബ്മാൻ ഗിൽ, വിനയ് കുമാർ, റിങ്കു സിംഗ്, കാമറൂൺ ഡെൽപോർട്ട്, ജേവൺ സീർലെസ്, അപൂർവ് വിജയ്, ഇശാങ്ക് ജഗ്ഗി.