പന്തില്‍ കൃത്രിമം കാണിച്ചതിന് ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമാലിന് വിലക്ക്. അടുത്ത ഒരു ടെസ്റ്റ് മൽസരത്തില്‍ നിന്നാണ് അദ്ദേഹത്തെ ഐസിസി വിലക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മൽസരത്തിനിടെയാണ് സംഭവം. സെന്റ് ലൂസിയയില്‍ നടന്ന മൽസരത്തിനിടെ തന്റെ വായിലുളള വസ്‌തുവിന്റെ അവശിഷ്‌ടമാണ് ചണ്ഡിമാല്‍ പന്തില്‍ ഉരച്ചത്.

ശനിയാഴ്‌ച നടക്കുന്ന അവസാന ടെസ്റ്റില്‍ നിന്നാണ് ചണ്ഡിമാലിനെ വിലക്കിയത്. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന ചണ്ഡിമാലിന്റെ വാദം ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണെന്ന് മാച്ച് റഫറി ജവഗള്‍ ശ്രീനാഥ് പറഞ്ഞു. ‘ചണ്ഡിമാല്‍ പന്തില്‍ എന്തോ വസ്‌തു ഉരക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. താന്‍ വായില്‍ ഒരു വസ്‌തു ഇട്ടിരുന്നുവെന്നും എന്നാല്‍ അത് എന്താണെന്ന് ഓര്‍മ്മ ഇല്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ ചണ്ഡിമാല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വിശദീകരണം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. കൃത്രിമത്വം കാണിച്ചെന്ന് വ്യക്തമാണ്’, ജവഗല്‍ ശ്രീനാഥ് വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം പന്തിന്റെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് അംപയര്‍മാരായ അലീം ദറും ഇയാന്‍ ഗൗള്‍ഡും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ശ്രീനാഥും ശ്രീലങ്കന്‍ പരിശീലകനും ചര്‍ച്ച നടത്തി. ഇതില്‍ പ്രതിഷേധിച്ച് ലങ്കന്‍ താരങ്ങള്‍ രണ്ട് മണിക്കൂറോളം വൈകിയാണ് മൈതാനത്ത് എത്തിയത്. രണ്ട് സസ്‌പെന്‍ഷന്‍ പോയിന്റുകളും മാച്ച് ഫീയുടെ 100 ശതമാനവും ചണ്ഡിമാല്‍ അടയ്‌ക്കണം. ആദ്യ ടെസ്റ്റ് വിജയിച്ച വിന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ സമനില പിടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ