കൊളംബോ: ഏകദിന ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായെങ്കിലും അവസാന മത്സരങ്ങളിലെ പോരാട്ടം ശ്രീലങ്കന്‍ ക്യാംപില്‍ പുതു ജീവന്‍ കൊണ്ടു വന്നിരുന്നു. നഷ്ടപ്പെട്ട പ്രതാഭത്തിലേക്ക് തിരികെ പോകാനുള്ള മനസ് അവര്‍ ആര്‍ജിച്ചെടുത്തിരുന്നു. അതിന്റെ ഫലം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാണുന്നുണ്ട്. സ്വന്തം മൈതാനത്ത് കിവീസിനെതിരായ ആദ്യ ടെസ്റ്റ് ശ്രീലങ്ക ജയിച്ചിരിക്കുകയാണ്.

ആദ്യ ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ആറ് വിക്കറ്റ് ജയമാണ് ലങ്കന്‍ പട സ്വന്തമാക്കിയത്.. കീവിസ് ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം കരുണരത്‌നയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ് ലങ്ക മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് കരുണരത്‌നയോളം സ്ഥിരത പുലര്‍ത്തുന്ന മറ്റൊരു ലങ്കന്‍ ബാറ്റ്‌സ്മാനില്ല. കരുണരത്ന 122 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ഓപ്പണറായ ലഹിരു തിരിമനെയും (64) വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 18 റണ്‍സ് ലീഡ് വഴങ്ങിയ കീവീസ് 285 റണ്‍സിന് രണ്ടാം ഇന്നിംഗ്‌സില്‍ ഓള്‍ ഔട്ടായിരുന്നു. ലങ്കന്‍ നിരയില്‍ നാല് വിക്കറ്റെടുത്ത ലസിത് എംബല്‍ഡെനിയയും, മൂന്ന് വിക്കറ്റെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് കിവികളുടെ വിജയ മോഹത്തിന് വെല്ലുവിളിയുയര്‍ത്തിയത്.

ന്യൂസിലന്‍ഡിന് വേണ്ടി 77 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബിജെ വാട്‌ലിംഗാണ് തിളങ്ങിയത്. 45 റണ്‍സെടുത്ത ടോം ലാഥം, 40 റണ്‍സെടുത്ത വില്ല്യം സോമര്‍വില്ലെ എന്നിവര്‍ ചേര്‍ന്ന് കിവീസിന് പൊരുതാവുന്ന സ്‌കേര്‍ സമ്മാനിച്ചെങ്കിലും അത് മതിയായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook