ബൾഗേറിയൻ ഫുട്ബോൾ ഇതിഹാസ താരം ദിമിതർ ബെർബറ്റോവിൻ്റെ വരവാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ഞപ്പടയിൽ ഒൻപതാം നന്പർ ജേഴ്സിയിൽ ഇറങ്ങുന്ന താരം ഗാലറികളെ പ്രകന്പനം കൊള്ളിച്ച പ്രകടനത്തിനുടമായാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, ഫുൽഹാം തുടങ്ങി ഒന്നാം നിര ഫുട്ബോൾ ക്ലബുകളിൽ കളിച്ച താരം ഇവർക്കായി 94 ലേറെ ഗോളുകൾ നേടിയിട്ടുണ്ട്. പന്തിനൊപ്പം പൂർണ്ണമായും വഴങ്ങുന്ന മെയ്ക്കരുത്തിന് ഉടമയാണ് ബെർബറ്റോവ്.
അലെക്സ് ഫെര്‍ഗൂസനു കീഴിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഈ ബള്‍ഗേറിയന്‍ താരം. ഗോള്‍മുഖത്ത് അചഞ്ചലമായ സ്ട്രൈക്കര്‍ എന്നതോടൊപ്പം ഒതുക്കത്തോടുകൂടി പന്തു കാലില്‍ നിര്‍ത്താനുള്ള ബെര്ബറ്റോവിൻ്റെ ശേഷിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സ്ഥിരം സെക്കൻ്റ് സ്ട്രൈക്കര്‍ എന്ന നിലയിലേക്ക് അദ്ദേഹത്തെ വളർത്തിയത്.
2013-14 കാലത്ത് ഫുൽഹാം എഫ് സിയിലേക്ക് ചേക്കേറിയ ബെർബറ്റോവ് പിന്നീട് എഫ്സി മൊണാക്കോയ്ക്ക് വേണ്ടിയാണ് ബൂട്ടണിഞ്ഞത്. കഴിഞ്ഞ വർഷം ഗ്രീക്ക് ലീഗിലായിരുന്നു താരം കളിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ തിരികെ മടങ്ങാനുള്ള സ്വപ്നവുമായി നടക്കുന്ന താരത്തെയാണ് റെനെ മ്യുലൻസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കുന്നത്.
കളി മൈതാനത്ത് എന്നും തരംഗമായിരുന്നു ബെർബറ്റോവ്. ഗാലറികളെ ആവേശം കൊള്ളിച്ച സൂപ്പർ ഗോളുകളിലൂടെയാണ് താരം ഇതിഹാസമായി മാറിയത്. 734 മത്സരങ്ങളിലാണ് താരം ഇതുവരെ ബൂട്ടണിഞ്ഞത്. ഇതിൽ നിന്ന് 328 ഗോളാണ് താരം അടിച്ചുകൂട്ടിയത്.
ഏഴ് വട്ടം ബൾഗേറിയയുടെ ദേശീയ ഫുട്ബോൾ താരമായി വാഴ്ത്തപ്പെട്ട ബെർബറ്റോവ് 2 തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലുണ്ടായിരുന്നു. ഒരു വട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും ഇദ്ദേഹം സ്വന്തമാക്കി.