scorecardresearch

ഗോള്‍ നില ‘0.8-0’; ഞെട്ടേണ്ട, ഇത് ലിംഗ വിവേചനത്തിനെതിരായ പ്രതിഷേധം

ബ്രസീലില്‍ സ്ത്രീകളുടെ  വേതനം പുരുഷന്മാരേക്കാള്‍ 20 ശതമാനം കുറവാണെന്ന പഠനം പുറത്തുവന്നതിനു പിന്നാലെയാണ് കാല്‍പ്പന്ത് മൈതാനം പ്രതിഷേധവേദിയായത്

ഗോള്‍ നില ‘0.8-0’; ഞെട്ടേണ്ട, ഇത് ലിംഗ വിവേചനത്തിനെതിരായ പ്രതിഷേധം

സാവോ പോളോ: പൗലിസ്റ്റ വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പാദ ഫൈനലില്‍ കളി തുടങ്ങി അഞ്ചാം മിനുറ്റില്‍ കോറിന്ത്യന്‍സ് സാവോ പോളോയ്‌ക്കെതിരെ ആദ്യ ഗോള്‍ നേടി. സ്‌കോര്‍ 1-0, പക്ഷെ സ്‌കോര്‍ ബോര്‍ഡ് കണ്ടവര്‍ അമ്പരന്നു, 1-0 ന് പകരം സ്‌കോര്‍ ബോര്‍ഡില്‍ കാണിച്ചത് 0.8-0 എന്നായിരുന്നു. ബ്രസീലില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആ സ്‌കോര്‍ ബോര്‍ഡ്.

ബ്രസീലില്‍ സ്ത്രീകളുടെ  വേതനം പുരുഷന്മാരേക്കാള്‍ 20 ശതമാനം കുറവാണെന്ന പഠനം പുറത്തുവന്നതിനു പിന്നാലെയാണ് കാല്‍പ്പന്ത് മൈതാനം പ്രതിഷേധവേദിയായി മാറിയത്. അടുത്ത ഗോളുകള്‍ക്കും ഇതേ രീതി തുടര്‍ന്നു. ജൂലിയറ്റ് കോറിന്ത്യന്‍സിന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ സ്‌കോര്‍ കാണിച്ചത് 1.6-0 എന്നായിരുന്നു, മില്ലെനെയുടെ മൂന്നാം ഗോളില്‍ 2.4-0 എന്നും.

പൗലിസ്റ്റ ഫുട്‌ബോള്‍ ഫെഡറേഷനും യുഎന്‍ വിമനും ചേര്‍ന്നാണ് ഇത്തരത്തിലൊരു പ്രതിഷേധം നടത്തിയത്. തൊഴില്‍മേഖലയില്‍ സ്ത്രീയെ ഇന്നും പുരുഷനെ താഴെയായി കാണുന്നതിനെ ചോദ്യം ചെയ്യാനുള്ള വേദിയായാണ് ഈ അവസരം ഉപയോഗിച്ചതെന്നും സമൂഹത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഇത്തരം ചോദ്യം ചെയ്യലുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും പൗലിസ്റ്റ ഫുട്‌ബോള്‍ അസോസിയേഷന്റെ വനിത ഫുട്‌ബോള്‍ ഡയറ്ക്ടര്‍ അലൈന്‍ പെല്ലെഗ്രിനോ പറഞ്ഞു.

സാവോ പോളോയെ 3-0നാണ് കോറിന്ത്യന്‍സ് പരാജയപ്പെടുത്തിയത്. ആദ്യ പാദത്തില്‍ 1-0 നും കോറിന്ത്യന്‍സ് ജയിച്ചിരുന്നു. ഫൈനല്‍ കാണാനായി 28862 പേരാണ് സ്‌റ്റേഡിയത്തിലെത്തിയത്. ബ്രസീലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാനെത്തിയ വനിതാ ഫുട്‌ബോള്‍ മത്സരമാണിത്. നേരത്തെ ഈ റെക്കോര്‍ഡ് സാന്റോസും ഇറാന്‍ഡുബയും തമ്മിലുള്ള 2017 ലെ മത്സരത്തിനായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Different score displayed during brazil womens football final to protest pay gap