ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ്. നവംബർ 22ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന മത്സരം ശ്രദ്ധ നേടുന്നത് വാശിയേറിയ പോരാട്ടംകൊണ്ടോ? നായകൻ വിരാട് കോഹ്‌ലിയുടെയും മായങ്കിന്റെയുമൊക്കെ ബാറ്റിങ് മികവുകൊണ്ടോ, ബോളർമാരുടെ അറ്റാക്കിങ് മികവുകൊണ്ടോ മാത്രമാകില്ല. പകലും രാത്രിയുമായി നടക്കുന്ന മത്സരമെന്ന നിലയിൽ കൂടിയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സാധാരണയായി ഉപയോഗിച്ചുപോരുന്ന ചുവപ്പ് പന്തിന് പകരം പിങ്ക് പന്ത് ഉപയോഗിച്ചായിരിക്കും മത്സരം.
പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പിങ്ക് നിറത്തലുള്ള പന്ത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായിട്ടല്ല പിങ്ക് പന്ത് ഉപയോഗിച്ച് മത്സരം നടക്കുന്നത്. എന്നാൽ ഇന്ത്യ – ബംഗ്ലാദേശ് താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പുതിയ അനുഭവമാണ്. അതുകൊണ്ട് തന്നെ ആരാധകർക്കും താരങ്ങൾക്കും ആകാംക്ഷകളും പ്രതീക്ഷകളുമേറെയാണ്. ഇത്തരത്തിലുള്ള പ്രതീക്ഷകൾ പങ്കുവച്ച് താരങ്ങൾ നേരത്തെ സമൂമാധ്യമങ്ങളലൂടെ രംഗത്തെത്തിയിരുന്നു.
പുതിയ പന്തിനെക്കുറിച്ച് ആരാധകർക്ക് നിരവധി സംശയങ്ങളാണുള്ളത്. പിങ്ക് പന്ത് ബാറ്റ്സ്മാനാണോ ബോളർക്കാണോ കൂടുതൽ ഉപകാരപ്പെടുന്നത്? പുതിയ പന്ത് ഏത് തരത്തിലാകും കളിയെ സ്വാധീനിക്കുക? ഇതിനെല്ലാം ഉപരിയായി ചുവപ്പ് പന്തും പിങ്ക് പന്തും തമ്മിലുള്ള വ്യത്യാസമെന്ത്?
കാഴ്ചയിൽ വലിയ വ്യത്യാസം തോന്നുമെങ്കിലും പന്തിന്റെ സ്വഭാവത്തിലൊന്നും അതില്ല. ലെതറിന്റെ ഉപയോഗത്തിലാണ് പ്രധാന വ്യത്യാസം. കോട്സ് വൂളും കോർക്കും ഉപയോഗിച്ചാണ് പിങ്ക് പന്തിന്റെയും ഉൾഭാഗം നിർമിക്കുന്നത്. ചുവപ്പ് പന്ത് വെള്ള നൂലുപയോഗിച്ച് തുന്നുമ്പോൾ പിങ്ക് പന്ത് തുന്നാൻ ഉപയോഗിക്കുന്നത് കറുത്ത നിറത്തിലുള്ള നൂലുപയോഗിച്ചാണ്.
സാധാരണയിലുമധികമായി സ്വിങ് ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ആദ്യ ഓവറുകളിലായിരിക്കും ഇതിന്റെ ഉപയോഗം ബോളർമാർക്ക് ലഭിക്കുക. പേസർമാർക്ക് മാത്രമല്ല സ്‌പിന്നർമാർക്കും ഏറെ ഉപയോഗപ്രദമായിരിക്കും പിങ്ക് പന്ത്.