കൊൽക്കത്ത: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ കൊൽക്കത്തയിൽ എത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിനായി സംഘടിപ്പിച്ചിരിക്കുന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനാണ് മറഡോണ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. നാളെ ബംഗാളിലെ ബരാസത്തിലാണ് സൗഹൃദ ഫുട്ബോൾ മത്സരം നടക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി നയിക്കുന്ന ടീമിനെതിരെയാണ് മറഡോണ ബൂട്ട്കെട്ടുന്നത്.

കാൽപന്ത് കളിയെ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മറഡോണ പ്രതികരിച്ചു. ഫുട്ബോളിന്റെ മാഹാത്മ്യം ലോകം മുഴുവൻ അറിയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.​ അതേസമയം താൻ ദൈവമൊന്നും അല്ലെന്നും ആരാധകരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും മറഡോണ പ്രതികരിച്ചു.

കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് മറഡോണ തങ്ങുന്നത്. ഇത് രണ്ടാം തവണയാണ് മറഡോണ കൊൽക്കത്തയിൽ എത്തുന്നത്. കൊൽക്കത്തയിലെ ഫുട്ബോൾ ആരാധകരെ താൻ മറന്നിട്ടില്ലെന്നും ഒരിക്കൽക്കൂടി ഇവിടേക്കെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മറഡോണ മാധ്യമങ്ങളോട് പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook