ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ പേരിൽ അർജന്റിനയിൽ ഒരു സ്റ്റേഡിയമുണ്ട്. മറഡോണ കളി പഠിച്ചു വളർന്ന അർജന്റിനോസ് ജൂനിയേഴ്സ് എന്ന ക്ലബ്ബിന്റെ ഹോം ഗ്രൌണ്ടാണ് ഈ സ്റ്റേഡിയം. മറഡോണയോടുള്ള ആദരസൂചകമായാണ് ക്ലബ്ബ് സ്റ്റേഡിയത്തിന് ഇതിഹാസത്തിന്റെ പേര് നൽകിയത്. ഈ പേര് തിരുത്താനുള്ള തീരുമാനമാണ് ഇപ്പോൾ വിവാദമാകുന്നത്.

ജഴ്സി സ്പോൻസർമാരായ കമ്പനിയുടെ പേര് കൂടി ചേർക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ഓട്ടോക്രെഡിറ്റോ ഡീഗോ മറഡോണ എന്നാകും സ്റ്റേഡിയത്തിന്റെ പുതിയ പേര്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സ്പോൻസർമാരുടെ പേര് സ്റ്റേഡിയത്തിന് നൽകുന്നത് ഫുട്ബോൾ ലോകത്ത് അത്ര പുതിയ കാര്യമല്ല. പക്ഷേ ഇവിടെ വിഷയം ഗുരുതരമാണ്. ഫുട്ബോളിനെ മതവും മറഡോണയെ ദൈവവുമായി കാണുന്ന ഒരു സമൂഹത്തിലാണ് താരത്തെ അപമാനിക്കുന്ന തരത്തിൽ ഇത്തരത്തിൽ ഒരു നീക്കം.

ഓട്ടോക്രെഡിറ്റോയുമായി 2019 വരെയാണ് അർജന്റിനോസ് ജൂനിയേഴ്സ് കരാറിലേർപ്പെട്ടിരിക്കുന്നത്. ആരാധകരുടെ പ്രതിഷേധം വകവെക്കാതെ ക്ലബ്ബിന്റെ അടിസ്ഥാന വികസനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് ക്രിസ്റ്റ്യൻ മലസ്പിന പറഞ്ഞു. പേര് മാറ്റുന്ന കാര്യം മറഡോണയെ അറിയിച്ചെന്നും അദ്ദേഹത്തിന് പ്രശ്നം ഒന്നുമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ആളുകളാണ് പേര് മാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ രംഗത്തെത്തിയിരിക്കുന്നത്. ലോകപ്രശസ്തരായ ഒരുപാട് താരങ്ങളാണ് ക്ലബ്ബിൽനിന്ന് വളർന്നുവന്നിരിക്കുന്നത്. മുൻ റയൽ ക്യപ്റ്റൻ ഫെർനാൻഡോ, യുവാൻ റോമൻ ,എസ്റ്റബൻ ക്യമ്പസിയോ ഉൾപ്പടെ പലപ്രമുഖരെയും ഫുട്ബോൾ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ക്ലബ്ബാണ് അർജന്റിനോസ് ജൂനിയേഴ്സ് .

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ