ഫുട്ബോൾ മൈതാനങ്ങളിൽ അത്ഭുതം തീർത്ത മറഡോണ എന്ന ഇതിഹാസ താരം കേരളത്തിൽ എത്തിയത് ആരും മറക്കാൻ ഇടയില്ല. ഒരു പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനായാണ് മറഡോണ കേരളത്തിലെത്തിയത്. ടെലിവിഷൻ സ്ക്രീനുകളിലും പത്രമാധ്യമങ്ങളിലും മാത്രം കണ്ടു പരിചയിച്ച, ആരാധിച്ച ഫുട്ബോൾ ദൈവത്തെ അടുത്ത് കാണാൻ ആയിരകണക്കിന് ആരാധകരാണ് അന്ന് തടിച്ചുകൂടിയത്.

ആരെയും നിരശരാക്കിയില്ല ദൈവം. ദർശനത്തിനൊപ്പം മനസ് നിറയെ പ്രസാദവും നൽകി. വേദിയിൽ പന്തുകൊണ്ട് അമ്മാനമാടിയും നൃത്തം ചെയ്തും മറഡോണ ആരാധകരെ തൃപ്തിപ്പെടുത്തി. ഇന്ത്യയുടെ മിന്നും താരമായിരുന്ന ഐഎം വിജയനൊപ്പം പന്ത് തട്ടിയും മറഡോണ ആരാധകരെ രസിപ്പിച്ചു.

ജ്വല്ലറി ഉദ്‌ഘാടനത്തിന് മറഡോണയെ കൊണ്ടുവന്നത് ഏറെ പണിപ്പെട്ടായിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തിയിരുന്നു. ‘രാത്രിതന്നെ മറഡോണ താമസിച്ചിരുന്ന ഹോട്ടലിന് മുന്നിൽ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. വളരെ നേരം കഴിഞ്ഞാണ് അദ്ദേഹത്തിന് വിശ്രമിക്കാൻ പോലും സാധിച്ചത്. എന്നാൽ പിറ്റേന്ന് ഉദ്‌ഘാടന സമയമായിട്ടും മറഡോണ ഉറക്കമുണർന്നിരുന്നില്ല. വിളിച്ചപ്പോൾ ദേഷ്യപ്പെട്ടുകൊണ്ട് വൈകുന്നേരത്തേക്ക് ഉദ്‌ഘാടനം മാറ്റിവയ്‌ക്കൂ എന്നായിരുന്നു മറുപടി. ഒടുവിൽ തന്റെ കട നാട്ടുകാർ തല്ലികർക്കുമെന്നും ചിലർ ആത്മഹത്യ ഭീഷണി മുഴക്കിയന്നുമൊക്കെ പറയേണ്ടിവന്നു മറഡോണയെ അനുനയിപ്പിക്കാൻ’- ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Read Here: സാന്താ മാറദോന മുതൽ മാറകോക്കാ വരെ

താൻ ദൈവതുല്ല്യനായി ആരാധിക്കുന്ന മറഡോണയ്ക്കൊപ്പം പന്ത് തട്ടാൻ സാധിച്ചത് ജീവിതത്തിലെ തന്നെ ഏറ്റവും അസുലഭ നിമിഷമായാണ് ഐഎം വിജയൻ വിശ്വസിക്കുന്നത്. കട്ട ബ്രസീല്‍ ആരാധകനായിരുന്ന ഐഎം വിജയന്‍ അര്‍ജന്റീനയെ പ്രണയിക്കാന്‍ തുടങ്ങിയതിനു പിന്നിലെ കാരണവും മറഡോണയാണ്.

മറഡോണയുമൊത്ത് അൽപ്പം നേരം കളിച്ചത് തനിക്ക് ലോകകപ്പ് കളിച്ച അനുഭവമാണ് നൽകിയതെന്നാണ് ഐഎം വിജയൻ അന്ന് പറഞ്ഞത്. ദൈവം ഉള്ളതുകൊണ്ടാണ് താൻ ആ ദൈവത്തെ തൊട്ടതെന്നും വിജയൻ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook