മാഡ്രിഡ്: സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ രക്ഷിക്കാൻ അവരുടെ സൂപ്പർ താരം ഡിയേഗോ കോസ്റ്റ തിരിച്ചെത്തി. 2014 ചെൽസിയിലേക്ക് ചേക്കേറിയ ഡിയേഗോ കോസ്റ്റ 3 വർഷത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ചെൽസിയുടെ പരിശീലകൻ ആന്റോണിയോ കോന്റയുമായിട്ടുള്ള തർക്കത്തെത്തുടർന്നാണ് കോസ്റ്റ ക്ലബ് വിട്ടത്. കോസ്റ്റയുടെ കൈമാറ്റം സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇരു ടീമുകളും ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഔദ്യോഗികമായുള്ള നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ വൈകിപ്പോയിരുന്നു. ജനുവരി സമ്മർ ട്രാൻഫർ വിൻഡോ തുറന്നതോടെയാണ് ഡിയേഗോ കോസ്റ്റയുടെ കൈമാറ്റം പൂർത്തീകരിച്ചു.

വീരോചിതമായ വരവേൽപ്പാണ് ഡിയേഗോ കോസ്റ്റയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകർ നൽകിയത്. തങ്ങളുടെ സൂപ്പർ താരത്തെ സ്വീകരിക്കാൻ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മാഡ്രിഡിലേക്കുള്ള മടങ്ങി വരവ് തന്റെ സ്വപ്നമായിരുന്നുവെന്ന് കോസ്റ്റ ആരാധകരോട് പറഞ്ഞു. അന്റോണിയോ ഗ്രീൻസ്മാൻ ഫോമിലേക്ക് എത്താത്ത സാഹചര്യത്തിൽ കോസ്റ്റയുടെ വരവ് ടീമിന് പുതുജീവൻ നൽകുമെന്ന് പരിശീലകൻ ഡിയേഗോ സിമിയോണി പറഞ്ഞു.

ഡിയേഗോ കോസ്റ്റയുടെ സ്കോറിങ് മികവിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് 2013 ൽ ലാലിഗ കിരീടം ഉയർത്തിയത്. കോസ്റ്റ ടീമിനൊപ്പം ഉണ്ടായിരുന്നപ്പോൾ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ടീം എത്തിയിരുന്നു.

എസി മിലാന്‍, എഎസ് മൊണാക്കോ, എവര്‍ട്ടന്‍ എന്നീ ക്ലബ്ബുകളിലേക്ക് കോസ്റ്റയുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നുവെങ്കിലും മുന്‍ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലേക്ക് മാത്രമേ താനുള്ളൂ എന്ന വാശിയിലായിരുന്നു കോസ്റ്റ. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോസ്റ്റയ്ക്ക് അത്‌ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങിപോകാന്‍ വഴിയൊരുങ്ങുന്നത്. 58 ദശലക്ഷം യൂറോ നല്‍കിയാണ് അത്‌ലറ്റികോ മാഡ്രിഡ് ഡിയാഗോ കോസ്റ്റയെ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ