ലണ്ടന്‍ : ഏറെ നാള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്കും ക്ലബ്ബിലെ കലാപങ്ങള്‍ക്കും തീര്‍പ്പുകല്‍പ്പിച്ചതിന്റെ ആശ്വാസത്തിലാണ് ചെല്‍സി ക്യാമ്പ്. ക്ലബ്‌ മനേജറായ ആന്‍റോണിയോ കോണ്ടെയുമായി കലഹത്തി ഡിയാഗോ കോസ്റ്റയുടെ മടങ്ങിപ്പോക്ക് ഉറപ്പായി. സ്പാനിഷ് സ്ട്രൈക്കര്‍ക്ക് മുന്‍ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങാന്‍ കരാറായതായി ചെല്‍സിയുടെ സ്ഥിരീകരണം.

മുഖ്യ പരിശീലകനും മാനേജരുമായ ആന്റോണിയോ കോണ്ടേയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോസ്റ്റയുടെ ക്ലബ് മാറ്റത്തിലെത്തിയത്. ഏറെ വിവാദങ്ങള്‍ നിറഞ്ഞതാണ് ഈ മുന്‍ അത്ലറ്റികോ മാഡ്രിഡിന്‍റെ കരിയര്‍. പലപ്പോഴും മൈതാനത്തിലെ മോശം പെരുമാറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള കോസ്റ്റയെ ഫുട്ബോളിലെ ഏറ്റവും ചീത്തകുട്ടികളിലൊരാളായും വിശേഷിപ്പിക്കപ്പെടുന്നു. 2014 മുതല്‍ ചെല്‍സിയുടെ ഭാഗമായ കോസ്റ്റ ഇരുപത്തിരണ്ടു തവണയാണ് കഴിഞ്ഞ സീസണില്‍ പന്തു ലക്ഷ്യത്തിലെത്തിച്ചത്. മൂന്നു സീസണില്‍ നിന്നായി അമ്പത്തി നാലു ഗോളുകളോടെ ചെല്‍സിയുടെ പടയോട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഈ ഇരുപത്തിയെട്ടുകാരനു ഈ സീസണില്‍ ഒരു കളി പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

എസി മിലാന്‍, എഎസ് മൊണാക്കോ, എവര്‍ട്ടന്‍ എന്നീ ക്ലബ്ബുകളിലേക്ക് കോസ്റ്റയുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നുവെങ്കിലും മുന്‍ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലേക്ക് മാത്രമേ താനുള്ളു എന്ന വാശിയിലായിരുന്നു കോസ്റ്റ. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോസ്റ്റയ്ക്ക് അത്ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങിപോകാന്‍ വഴിയോരുങ്ങുന്നത്. 58 ദശലക്ഷം യൂറോ നല്‍കിയാണ് അത്ലറ്റികോ മാഡ്രിഡ് ഡിയാഗോ കോസ്റ്റയെ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ