വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകില്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് സൗരവ്വ് ഗാംഗുലി. ധോണിയെ ടീമിലെടുക്കില്ലെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നത്, അത് ശരിയായി. യുവതാരം ഋഷഭ് പന്തിന് അവസരം കൊടുക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും ഗാംഗുലി പറഞ്ഞു.

അതേസമയം, ധോണിയുടെ ഭാവി സംബന്ധിച്ച് ആരും ആവേശം കൊള്ളെണ്ടെന്നും ഗാംഗുലി പറഞ്ഞു. വിരാട് കോഹ് ലിയുടെ താല്‍പര്യവും ധോണിയുമായുള്ള ബന്ധവും വളരെ വ്യക്തമാണെന്നും ഗാംഗുലി പറഞ്ഞു.

”പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയുണ്ടാകുമെന്ന് തോന്നിയിരുന്നില്ല. വിന്‍ഡീസ് പരമ്പരയില്‍ നിന്നും തന്നെ വ്യക്തമായിരുന്നു ടീം മാനേജ്‌മെന്റ് പന്തിന് അവസരം കൊടുക്കാനാണ് താല്‍പര്യപ്പെടുന്നത്. അത് ശരിയാണ്. കാരണം ധോണി വന്ന സമയത്ത് അദ്ദേഹത്തിന് ഇതുപോലെ അവസരം ലഭിച്ചതാണ്” ഗാംഗുലി പറഞ്ഞു.

”വിരാട് ധോണിയോട് എന്താണ് ആവശ്യപ്പെടുന്നതെന്നത് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ അതെന്താണെന്ന് പറയുക എളുപ്പമല്ല. എന്നാല്‍ ആരും ആവേശത്തില്‍ തീരുമാനങ്ങളില്‍ എത്തേണ്ടതില്ല. എന്താണ് ധോണിയും ടീം മാനേജുമെന്റും തമ്മിലുള്ള ചര്‍ച്ച എന്നെനിക്കറിയില്ല” എന്നായിരുന്നു വിരമിക്കലിനെ കുറിച്ച് ഗാംഗുലിയുടെ പ്രതികരണം.

”എല്ലാ ക്രിക്കറ്റ് താരത്തിനും, ഏത് അത്‌ലറ്റായാലും, മറഡോണ, സാംപ്രാസ്, ടെണ്ടുല്‍ക്കര്‍,ഇപ്പോള്‍ ധോണി, ഒരു പ്രായം ആകുമ്പോള്‍ ഇത്‌പോലുള്ള കഠിനതീരുമാനം എടുക്കേണ്ടി വരും. വിരാടും ടീം മാനേജുമെന്റും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധോണി കളിക്കും. അല്ലെങ്കില്‍ മുന്നോട്ട് പോകും. സെലക്ടര്‍മാര്‍ക്കും റോളുണ്ട്” ദാദ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook