ഫുട്ബോളിലെ പ്രമുഖ താരങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ് മുൻ ചെൽസി സ്ട്രൈക്കർ ദിദിയർ ദ്രോഗ്ബയുടെ സ്ഥാനം. ഐവറികോസ്റ്റിന്റെ ഏക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ദ്രോഗ്ബ തന്റെ നാൽപതാം വയസിലും വീര്യം ഒട്ടും കുറയാതെയാണ് മൈതാനം നിറഞ്ഞ് കളിക്കുന്നത്. അമേരിക്കൻ സോക്കർ ലീഗിൽ ഫീനിക്സ് റൈസിങ് ക്ലബ്ബിന് വേണ്ടിയാണ് താരമിപ്പോൾ കളിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലബ്ബിനായി ബുള്ളറ്റ് ഷോട്ടിൽ നേടിയ ഗോളിലൂടെ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്ത് ചർച്ചവിഷയമാകുകയാണ് താരം.

പോർട്ട്‍ലൻഡ് ടിംബേഴ്സിനെതിരായ മത്സരത്തിലായിരുന്നു ദ്രോഗ്ബയുടെ മിന്നൽ ഗോൾ. കളിയുടെ 28-ാം മിനിറ്റിൽ ക്ലബ്ബിനനുകൂലമായി ലഭിച്ച ഫ്രീകിക്ക് 40 വാര അകലെ നിന്നും ദ്രോഗ്ബ പോസ്റ്റിലെത്തിക്കുകയായിരുന്നു. ദ്രോഗ്ബ തുടുത്ത ഷോട്ട് തടയാനുള്ള ഗോളിയുടെ ശ്രമം വിഫലമായി. പോർട്ട്‍ലൻഡ് ടിംബേഴ്സ് ഗോൾകീപ്പറുടെ തട്ടിയകറ്റാനുള്ള ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ദ്രോഗ്ബയുടെ സെറ്റ്പീസ് ഗോളിലൂടെ മത്സരത്തിൽ മുന്നിലെത്തിയ ഫീനിക്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പോർട്ട്‍ലൻസിനെ പരാജയപ്പെടുത്തുകയും ചെയ്തു. പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനമാണ് താരം അമേരിക്കൻ സോക്കർ ലീഗിൽ പുറത്തെടുക്കുന്നത്.

ഐവറി കോസ്റ്റിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ദ്രോഗ്ബ. 2002 മുതൽ 2014 വരെ ദേശീയ ടീമിനായി കളിച്ച കാലഘട്ടത്തിൽ ടീമിന്റെ നെടുംതൂണായി നിന്ന ദ്രോഗ്ബ ഇതേ കാലഘട്ടത്തിൽ തന്നെയാണ് ചെൽസിക്കായും ബൂട്ട് കെട്ടുന്നത്. ചെൽസി ജേഴ്സിയിൽ 100 ഗോളുകൾ കണ്ടെത്തിയ ദ്രോഗ്ബ പ്രീമിയർ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കാൻ താരവുമായി. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2014ൽ ചെൽസിയിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 2017ലാണ് ദ്രോഗ്ബ അമേരിക്കൻ ലീഗിൽ എത്തുന്നത്.

2006, 2010, 2014 ലോകകപ്പുകളിൽ ഐവറികോസ്റ്റിനെ നയിച്ചതും ദ്രോഗ്ബയായിരുന്നു. 2006ലും 2012ലും ഐവറി കോസ്റ്റ് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ എത്തിയതും ദ്രോഗ്ബയുടെ നേതൃത്വത്തിൽ തന്നെ. 2014ൽ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുകയാണ് ഈ നൽപതുകാരൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook