ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പിന്മുറക്കാരനാണ് വിരാട് കോഹ്ലിയെന്നാണ് നേരത്തേ ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയ വിശേഷണം. എന്നാല്‍ മികവുറ്റ പ്രകടനത്തിലൂടെ ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് കോഹ്ലി. ക്രിക്കറ്റെന്ന മതത്തിലെ ദൈവത്തെ മാറ്റി പ്രതിഷ്ഠിക്കേണ്ടി വരുമോ എന്ന് പോലും ആരാധകര്‍ ചിന്തിച്ച് തുടങ്ങി. അത്രയും മികച്ച കരിയറാണ് കോഹ്ലി നിലവില്‍ പടുത്തുയര്‍ത്തുന്നത്.

ഇരു താരങ്ങളും ആദ്യമായി കണ്ട സംഭവമാണ് ഇപ്പോള്‍ കോഹ്ലി വെളിപ്പെടുത്തിയിരിക്കുന്നത്. സച്ചിനോടുളള ആദരവ് കൊണ്ട് കാലിലേക്ക് വീഴുകയാണ് താന്‍ ചെയ്തതെന്ന് കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ ഇത് കാലങ്ങളായി ചെയ്തു വന്നിരുന്നുവെന്ന് കരുതിയാണ് കോഹ്ലി ഇങ്ങനെ ചെയ്തത്. ഇത് ഒരു ആചാരമാണെന്നും എല്ലാവരും ഇത്പോലെ ചെയ്യാറുണ്ടെന്നും കോഹ്ലിയെ പറഞ്ഞ് പറ്റിച്ചത് ഒരുകൂട്ടം താരങ്ങളാണ്.

യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ്, മുനാഫ് പട്ടേല്‍ എന്നിവരായിരുന്നു കോഹ്ലിയെ കൊണ്ട് സച്ചിന്റെ കാല് പിടിപ്പിച്ചത്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന അഭിമുഖ പരിപാടിയിലാണ് കോഹ്ലിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സച്ചിന്‍ മറ്റ് താരങ്ങളോട് കാര്യം അന്വേഷിച്ചപ്പോഴാണ് തിരശ്ശീലയ്ക്ക് പിന്നിലെ വില്ലന്മാര്‍ കളളി വെളിച്ചത്താക്കിയത്.

അപ്പോള്‍ മാത്രമാണ് താരങ്ങള്‍ തന്നെ പറ്റിക്കുകയായിരുന്നെന്ന് കോഹ്ലി തിരിച്ചറിഞ്ഞത്. 10 വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി മാറിയിരിക്കുകയാണ് കോഹ്ലി. സച്ചിന്‍ വിരമിക്കുകയും ചെയ്തു. കോഹ്ലിയെ പറ്റിക്കാന്‍ ഉണ്ടായിരുന്ന താരങ്ങള്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിരക്കിലുമാണ്. എന്നാല്‍ എക്കാലത്തേയും മികച്ച ഗുരുശിഷ്യ സംഗമമാണ് ഇതെന്ന് കോഹ്ലി പറയുന്നു.

ഐസിസിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയതിനുപിന്നാലെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 900 പോയിന്റ് കോഹ്‌ലി നേടിയത് ഈയടുത്താണ്. സുനിൽ ഗവാസ്കറിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാണ് കോഹ്‌ലി. സെഞ്ചൂറിയൻ ടെസ്റ്റിൽ നേടിയ സെഞ്ചുറിയാണ് കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.

തന്റെ 50-ാമത് ടെസ്റ്റിലൂടെയാണ് ഗവാസ്കർ ഈ നേട്ടം സ്വന്തമാക്കിയത്. 1979 ൽ ഓവലിൽ നടന്ന ടെസ്റ്റിൽ 13 ഉം 221 ഉം റൺസും ഗവാസ്കർ നേടിയിരുന്നു. ഇതോടെയാണ് ഗവാസ്കറിന്റെ പോയിന്റ് 887 ൽനിന്ന് 916 ആയി ഉയർന്നത്. ഗവാസ്കറിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് കൂടിയായിരുന്നു ഓവലിലേത്.
സെഞ്ചൂറിയനിൽ കോഹ്‌ലി തന്റെ 21-ാമത് സെഞ്ചുറിയാണ് നേടിയത്. കോഹ്‌ലിയുടെ 65-ാമത് ടെസ്റ്റ് മൽസരമായിരുന്നു സെഞ്ചൂറിയനിലേത്. സെഞ്ചൂറിയനിൽ നേടിയ സെഞ്ചുറിയണ് കോഹ്‌ലിയുടെ പോയിന്റ് 880 ൽ നിന്ന് 900 ആക്കി ഉയർത്തിയത്.

സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നീ ഇന്ത്യൻ താരങ്ങളും 900 പോയിന്റിന് സമീപമെത്തിയിരുന്നു. പക്ഷേ ഇരുവർക്കും 900 തൊടാനായില്ല. 2002 ൽ സച്ചിൻ 898 പോയിന്റും 2005 ൽ ദ്രാവിഡ് 892 പോയിന്റും സ്വന്തമാക്കിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 900 പോയിന്റ് നേടുന്ന 31-ാമത് ബാറ്റ്സ്മാന്മാണ് വിരാട് കോഹ്‌ലി. ഡോൺ ബ്രാഡ്മാനാണ് (961 പോയിന്റ്) പട്ടികയിൽ ഒന്നാമൻ. സ്റ്റീവ് സ്മിത്ത് (947), ലെൻ ഹട്ടൺ (945), റിക്കി പോണ്ടിങ് (942), ജാക് ഹോബ്സ് (942) എന്നിവരാണ് ബ്രാഡ്മാന് പിന്നിലുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook