ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ നിരയിൽ മുതിർന്ന താരം മഹേന്ദ്ര സിങ് ധോണി തീർച്ചയായും വേണമെന്ന് അഭിപ്രായപ്പെട്ട് യുവ്‌രാജ് സിങ്. ക്യാപ്റ്റനായ വിരാട് കോഹ്ലിയെ നയിക്കുന്നത് ധോണിയാണെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ ധോണിക്ക് നിർണ്ണായക പങ്കുണ്ടെന്നും യുവി പറഞ്ഞു.

“മഹിക്ക് മഹത്തായ ക്രിക്കറ്റ് തലച്ചോർ ഉണ്ടെന്ന് ഞാൻ കരുതുന്നു. വിക്കറ്റ് കീപ്പർ എന്ന നിലയിൽ അദ്ദേഹം ഈ കാലയളവിൽ അസാധാരണമായ പ്രകടനം ആണ് അദ്ദേഹം കാഴ്ചവച്ചത്. അദ്ദേഹം മഹാനായ ക്യാപ്റ്റനാണ്. വിരാട് കോഹ്ലിയുടെ വഴികാട്ടിയാണ് മഹി,” യുവി പറഞ്ഞു.

“തീരുമാനങ്ങൾ എടുക്കുന്നതിൽ ടീമിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വളരെയേറെ പ്രധാനമാണ്. ഓസ്ട്രേലിയയിൽ അദ്ദേഹം നന്നായി കളിച്ചു. പഴയ മഹിയുടെ കളി കാണാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെയേറെ സന്തോഷവാനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏത് നമ്പറിൽ ബാറ്റ് ചെയ്യണം എന്ന ചോദ്യത്തിന്റെ ഉത്തരം മഹിയോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ യുവി, ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ സാധിക്കുന്നയാളാണ് മുൻ ക്യാപ്റ്റനെന്ന് പറയാതെ പറയുകയായിരുന്നു.

കീവിസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ വിജയിച്ചു. ഏഴ് വിക്കറ്റിനാണ് ഇന്നത്തെ ഇന്ത്യയുടെ വിജയം. മഹേന്ദ്ര സിങ് ധോണി പുറത്താകാതെ നിന്നു. കീവീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം മറികടക്കുന്നതിൽ ഇന്ത്യയ്ക്ക് മുൻനിര ബാറ്റ്സ്മാന്മാരുടെയെല്ലാം പ്രകടനം മുതൽക്കൂട്ടായി.

ക്യാപ്റ്റൻ രോഹിത് ശർമ്മ 50 റൺസ് നേടി. ധവാൻ 30 റൺസും വിജയ് ശങ്കർ 14 റൺസെടുത്തും പുറത്തായി. ഋഷഭ് പന്ത് 40 റൺസുമായും ധോണി 20 റൺസുമായും പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത കീവീസ് 20 ഓവറിൽ 158 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇന്ത്യ 18.5 ഓവറിൽ 162 റൺസ് നേടി വിജയം കണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook