/indian-express-malayalam/media/media_files/uploads/2019/01/ms-dhoni-rohit-sharma.jpg)
അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. സിഡ്നിയിലെ പരാജയത്തോടെ മൂന്നു മൽസരങ്ങളുള്ള ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുന്നിലാണ്. നാളെ ജയിച്ചാൽ പരമ്പര അവർക്ക് സ്വന്തമാകും. അതിനാൽതന്നെ ജീവൻ മരണ പോരാട്ടത്തിനാണ് ഇന്ത്യ ഇറങ്ങുക.
ടിവി ഷോയിലെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ സസ്പെൻഷനിലായ ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യൻ ടീമിൽ പ്രകടമാണ്. പാണ്ഡ്യയെപ്പോലെ ഓൾറൗണ്ടറായ ഒരാളുടെ അഭാവം മധ്യനിരയെ ബാധിച്ചിട്ടുണ്ട്. മധ്യനിരയിൽ പാണ്ഡ്യയെപ്പോലെ ഓൾറൗണ്ടറായ ഒരാളുണ്ടായിരുന്നെങ്കിൽ സിഡ്നിയിലെ 34 റൺസിന്റെ ഇന്ത്യൻ പരാജയം ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു.
എം.എസ്.ധോണിയുടെ ഫോമില്ലായ്മയും ഇന്ത്യൻ ടീമിനെ അലട്ടുന്നുണ്ട്. മധ്യ ഓവറുകളിൽ പേസർമാരെ നേരിടുന്നതിൽ ധോണി പരാജയപ്പെടുകയാണ്. സിഡ്നിയിൽ 96 ബോളിൽനിന്നാണ് ധോണി 51 റൺസെടുത്തത്. സ്ട്രൈക്ക് കൈമാറുന്നതിൽ ധോണി പരാജയപ്പെട്ടത് നായകൻ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കും അമർഷമുണ്ടാക്കിയിട്ടുണ്ട്.
ബാറ്റിങ് ഓർഡറിൽ അഞ്ചാം സ്ഥാനത്താണ് ധോണി. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പറയുന്നത് ധോണിയെ നാലാമനായി ഇറക്കണമെന്നാണ്. എന്നാൽ അഡ്‌ലെയ്ഡ് ഏകദിനത്തിൽ ഇന്ത്യൻ നിരയിലെ ബാറ്റിങ് ഓർഡറിൽ മാറ്റം ഉണ്ടാകാൻ സാധ്യത കുറവാണ്. രോഹിത് ശർമ്മ, ശിഖർ ധവാൻ, കോഹ്‌ലി എന്നിങ്ങനെയാണ് ഇന്ത്യയുടെ ബാറ്റിങ് ഓർഡർ. ഇവർ മൂന്നുപേരും 2016 മുതൽ മികച്ച സ്കോറാണ് പടുത്തുയർത്തുന്നത്.
ഏകദിനത്തിൽ നാലാം നമ്പറായി ധോണി ഇറങ്ങിയത് വളരെ ചുരുക്കം മത്സരങ്ങളിൽ മാത്രമാണ്. നാലാം നമ്പറിൽ ധോണിയുടെ ബാറ്റിങ് ശരാശരി 52.95 ആണ്. ധോണിയുടെ കരിയർ ആവറേജിനെക്കാൾ മുകളിലാണ് ഇത്. കരിയറിൽ 333 മത്സരങ്ങൾ കളിച്ചിട്ടുള്ള ധോണിയുടെ ശരാശരി 50.11 ആണ്. അഞ്ചാമനായും ആറാമനായും ഇറങ്ങിയ സമയത്തെക്കാൾ മുകളിലാണ് നാലാം സ്ഥാനത്തെ ധോണിയുടെ ശരാശരി. നാലാം നമ്പറിലെ ധോണിയുടെ ശരാശരി 50.70 ആണ്. ആറാം നമ്പറിൽ 46.33 ആണ്.
അതേസമയം, നാലാം നമ്പറിലെ ധോണിയുടെ കരിയർ സ്ട്രൈക്ക് റേറ്റ് 94.21 ആണ്. ധോണിയുടെ ഓവർഓൾ കരിയർ സ്ട്രൈക്ക് റേറ്റായ 87.60 നെക്കാൾ വളരെ കൂടുതലാണിത്. നമ്പർ അഞ്ചിൽ 86.08 ഉം ആറിൽ 83.23 ആണ് ധോണിയുടെ കരിയർ സ്ട്രൈക്ക് റേറ്റ് ആവറേജ്.
2016 ജനുവരിയിൽ ഓസ്ട്രേലിയയിൽ നടന്ന രണ്ടു ഏകദിനങ്ങളിൽ ധോണി നാലാമനായാണ് ഇറങ്ങിയത്. പക്ഷേ ധോണി നേടിയത് വെറും 18 റൺസാണ്. അതിനുശേഷം എട്ടു ഏകദിനങ്ങളിൽ മാത്രമാണ് ധോണി നാലാമനായി ഇറങ്ങിയത്. 2018 ലെ ഏഷ്യ കപ്പിലായിരുന്നു അവസാനമായി നാലാമനായി ഇറങ്ങിയത്. ധോണിയുടെ ഫോമിനെക്കുറിച്ച് വിലയിരുത്തിയാൽ അഡ്‌ലെയ്ഡിൽ ധോണി നാലാമനായി ഇറങ്ങാൻ സാധ്യത കുറവാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us