വിരാടായാലും രോഹിത് ആയാലും മൈതാനത്ത് ധോണിയുണ്ടെങ്കില്‍ ഓരോ തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് പലവട്ടം നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളായ ധോണിയുടെ ഫീല്‍ഡ് സെറ്റിങ്ങും ബോളിങ് ചെയ്ഞ്ചുമെല്ലാം പകരം വയ്ക്കാനില്ലാത്തതാണ്. അതുകൊണ്ട് ഫലത്തില്‍ ഇപ്പോഴും ധോണിയാണ് ടീമിനെ നയിക്കുന്നത് എന്ന് പറയുന്നത് ഒട്ടും അധികമായി പോകില്ല.

ബംഗ്ലാദേശിനെതിരായ മത്സരത്തിലും ‘ക്യാപ്റ്റന്‍ കൂളിന്റെ’ തീരുമാനം നിര്‍ണ്ണായകമായി. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലാണ് രോഹിത് ശര്‍മ്മ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ അവതരിപ്പിച്ചത്. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനേയും നിസാമുള്‍ ഹൊസൈനേയും പുറത്താക്കി ഭുവിയും ബുംറയും മിന്നും തുടക്കം നല്‍കിയിരുന്നു. ഇടവേളയ്ക്കുശേഷം ഏകദിന ടീമിലെത്തിയ ജഡേജയുടെ രണ്ടാം പന്ത് തന്നെ നോബോള്‍ ആയി. തുടര്‍ന്ന് ഫ്രീഹിറ്റും മൂന്നാം പന്തും ഷാക്കിബ് ബൗണ്ടറിയിലേക്ക് പായിച്ചു. ഇതോടെ പണി പാളിയോ എന്ന ഭാവം ജഡേജയുടേയും രോഹിതിന്റേയും മുഖത്ത്. എന്നാല്‍ ആരും കാണാത്തത് ധോണി കണ്ടിരുന്നു.

ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താനുള്ള ധോണിയുടെ നിർദേശം. രോഹിത് ശര്‍മ്മ അത് അനുസരിച്ചു. ഇതെല്ലാം ഷാക്കിബ് അല്‍ ഹസന്‍ കാണുന്നുണ്ടായിരുന്നു. ജഡേജയുടെ മൂന്നാം പന്ത് ഷാക്കിബ് സ്വീപ് ചെയ്ത ധവാന്റെ കൈകളിലൊതുങ്ങി. നിന്നിടത്തു നിന്നും ഒന്നുയര്‍ന്നു ചാടുക മാത്രമായിരുന്നു ധവാന് ചെയ്യാനുണ്ടായിരുന്നത്. ജഡേജയുടെ വേരിയേഷനും ഷാക്കിബിന്റെ ഷോട്ടുകളും നിരീക്ഷിച്ചതിന്റെ ഫലമായിരുന്നു ധോണി ഫീല്‍ഡ് ചെയ്ഞ്ച് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ആത്മവിശ്വാസം വീണ്ടെടുത്ത രവീന്ദ്ര ജഡേജ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ പിഴുതു. ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പ്രകടനം നടത്തിയാണ് ജഡേജ പന്ത് നിലത്തുവച്ചത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook