നായക സ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്ത്യൻ ടീമിലെ ബിഗ് ബ്രദറാണ് എം.എസ്.ധോണി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഏകദിന – ടി20 ഫോർമാറ്റുകളിൽ മാത്രമാണ് നിലവിൽ ഇന്ത്യൻ കുപ്പയം അണിയുന്നത്. ഫോം സംബന്ധിച്ച് വലിയ വിമർശനങ്ങൾ നേരിടുകയാണ് മുൻനായകൻ. ഈ സാഹചര്യത്തിലാണ് ധോണി ലോകകപ്പ് ടീമിലുണ്ടാകണമെന്ന വാദവുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നത്.

2019 ഏകദിന ലോകകപ്പിൽ കോഹ്‍ലിക്ക് കൂട്ടായി ഇന്ത്യൻ ടീമിൽ ധോണി വേണമെന്നാണ് സുനിൽ ഗവാസ്കറിന്റെ പക്ഷം. ഏകദിനത്തിൽ ധോണിയുടെ പരിചയസമ്പത്തും ഉപദേശങ്ങളും വിരാട് കോഹ്‍ലിക്ക് സഹായകമാകുമെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് നാലാം ഏകദിനത്തിന്റെ അവലോകനത്തിനിടയിലാണ് ടീമിൽ ധോണിയുടെ പ്രാധാന്യത്തെ കുറിച്ച് ഗവാസ്കർ വാചാലനായത്.

“ഏകദിനത്തിന് വലിയ ദൈർഘ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ധോണിയുടെ പ്രാധാന്യം. ധോണിയുടെ പരിചയ സമ്പത്തിൽ അദ്ദേഹം വരുത്തുന്ന ചെറിയ ഫീൾഡിങ് മാറ്റങ്ങളും, ബോളർമാർക്ക് നൽകുന്ന നിർദ്ദേശങ്ങളും വിലപ്പെട്ടതാണ്. കോഹ്‍ലിക്ക് ധോണിയുടെ സാന്നിധ്യം ഒരു വലിയ നേട്ടം തന്നെയാണ്.” ഗവാസ്കർ പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ അടുത്ത രണ്ട് ടി20 പരമ്പരകളിൽ നിന്ന് ധോണിയെ ഒഴിവാക്കിയിട്ടുണ്ട്. വിന്‍ഡീസിനും പിന്നാലെ ഓസീസിനും എതിരെയുള്ള ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണി കളിക്കാനുണ്ടാകില്ല. താരത്തെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു തീരുമാനം. പുതുമുഖം ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കുകയും അടുത്ത വിക്കറ്റ് കീപ്പറായി വളര്‍ത്തിക്കൊണ്ടു വരികയുമാണ് നീക്കത്തിന് പിന്നില്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സമ്മതം അറിയിച്ചതോടെയാണ് തീരുമാനം നടപ്പിലാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook