വിശാഖപട്ടണം: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ്. നായകന്റെ സെഞ്ചുറി മികവിൽ 322 റൺസിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യ വെസ്റ്റ് ഇൻഡീസിന് മുന്നിൽ ഉയർത്തിയത്. 129 പന്തിൽ 157 റൺസ് നേടിയ കോഹ്‍ലി പതിനായിരം റൺസ് ക്ലബ്ബിലെത്തുകയും ചെയ്‍തു. മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ ക്രീസിന്റെ ഒരറ്റത്ത് സാക്ഷിയാക്കിയായിരുന്നു കോഹ്‍ലിയുടെ നേട്ടം.

കോഹ്‍ലിയുടെ നേട്ടത്തിൽ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ പല നിർണ്ണായക സന്ദർഭങ്ങൾക്കും ക്രീസിൽ സാക്ഷിയാകാറുള്ളത് ധോണിയാണ്. സച്ചിന്റെ ചരിത്ര ഇന്നിങ്സിനും, യുവിയുടെ വെടിക്കെട്ടിനുമെല്ലാം ഒരറ്റത്ത് ധോണിയുണ്ടായിരുന്നു.

2007 ലോകകപ്പിലാണ് യുവരാജിന്റെ വെടിക്കെട്ട് ബാറ്റിങിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ലോകകപ്പിൽ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇന്ത്യ ഉയർത്തിയത് 219 റൺസിന്റെ വിജയലക്ഷ്യമായിരുന്നു. 18 ഓവറിൽ 171 റൺസ് മാത്രമായിരുന്ന ഇന്ത്യൻ സ്കോർ പെട്ടന്ന് ഉയർത്തിയത് യുവരാജായിരുന്നു. സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 19-ാം ഓവറിലെ എല്ലാ പന്തുകളും യുവരാജ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി. ചരിത്രത്തിലാദ്യമായാണ് ഒരു ബാറ്റ്സ്മാൻ അന്താരാഷ്ട്ര ടി20യിൽ ഒരു ഓവറിലെ ആറ് പന്തും സിക്സർ പായിക്കുന്നത്. അന്ന് മറ് വശത്ത് ധോണിയായിരുന്നു.

2010ൽ ഒരു ബാറ്റ്സ്മാന് ഏകദിനത്തിലും ഇരട്ടസെഞ്ചുറി നേടാമെന്ന് സച്ചിൻ ലോകത്തെ പഠിപ്പിച്ചു. ദക്ഷിണ ആഫ്രിക്കക്കെതിരെ 147 പന്തിൽ സച്ചിൻ 200 റൺസ് തികക്കുമ്പോൾ അന്നേവരെ ആരും എത്തിപിടിക്കാത്ത നേട്ടമായിരുന്നു അത്. 25 ബൗണ്ടറികളും മൂന്ന് സിക്സറുകളുമായി സച്ചിൻ 200ലെത്തുമ്പോഴും ക്രീസിന്റെ മറ്റെ അറ്റത്ത് അന്ന് നായകൻ കൂടിയായിരുന്ന ധോണിയുണ്ടായിരുന്നു. ഇന്ത്യ 401 റൺസ് നേടിയ മത്സരത്തിൽ ധോണി അടിച്ചത് 35 പന്തിൽ 68 റൺസും. മത്സരം ഇന്ത്യ 153 റൺസിന് ജയിക്കുകയും ചെയ്തു.

അടുത്ത ഊഴം രോഹിതിന്. ക്രിക്കറ്റ് ലോകത്തിന് അപ്രപ്യമായിരുന്ന ഇരട്ട സെഞ്ചുറി നേട്ടം കൂടുതൽ താരങ്ങൾ ആവർത്തിച്ചു. അതെല്ലാം ചക്ക മുയൽ ചത്തതാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു 2013ൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം. രോഹിത് രണ്ടാമതും ഇരട്ട സെഞ്ചുറി തികക്കുമ്പോൾ പിച്ചിൽ അതിനും സാക്ഷി ധോണി. പിന്നീട് ഒരിക്കൽ കൂടി രോഹിത് 200 കടന്നു. ഏകദിനത്തിലെ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോർ 264 റൺസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook