വിരമിക്കല്‍ മുറവിളികളും ടീമില്‍ നിന്നുമുള്ള അപ്രതീക്ഷിത പുറത്താക്കലുമെല്ലാമായി ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു എംഎസ് ധോണി. താരം ഇനിയൊരിക്കലും ഇന്ത്യന്‍ ജഴ്‌സിയില്‍ ട്വന്റി-20യില്‍ ഇറങ്ങില്ലെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നു.

ഓസീസിനും വിന്‍ഡീസിനുമെതിരായ പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും താരത്തെ പുറത്താക്കിയതായിരുന്നു ചര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ വിന്‍ഡീസ് ഇന്നിങ്‌സ് അവസാനിച്ചതോടെ തന്റെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ധോണി.

ആദ്യം മാസ്മരികമായൊരു ക്യാച്ച്, പിന്നെ മിന്നല്‍ വേഗത്തിലൊരു സ്റ്റമ്പിങ്, അങ്ങനെ രണ്ട് ക്യാച്ചും ഒരു സ്റ്റമ്പിങുമായി മൂന്ന് പേരെയാണ് ഇന്ന് മുന്‍ നായകന്‍ കൂടാരം കയറ്റിയത്. പ്രായവും ഫിറ്റ്‌നസുമെല്ലാം തനിക്കെതിരാണെന്ന് പറഞ്ഞവര്‍ക്ക് മൈതാനത്ത് തന്നെ ധോണി മറുപടി നല്‍കിയിരിക്കുകയാണ്.

മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്പിങിലൂടെ ധോണി പുറത്താക്കിയത് പരമ്പരയിലെ താരോദയമായ ഹെറ്റ്മയറെയായിരുന്നു. വിന്‍ഡീസ് ഇന്നിങ്‌സിന്റെ 19ാം ഓവറിലായിരുന്നു ഹെറ്റ്മയറെ പുറത്താക്കിയത്. കുല്‍ദീപ് യാദവിന്റെ പന്ത് ആകാശത്തേക്ക് പറത്തി വിടാനായി ശ്രമിച്ച ഹെറ്റ്മയറിന്റെ കണക്ക് കൂട്ടല്‍ പിഴച്ചു. സെക്കന്റിന്റെ വ്യത്യാസത്തില്‍ പന്ത് പിടിയിലൊതുക്കിയെ ധോണി ഹെറ്റ്മയറെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

പുറത്താക്കപ്പെട്ട ദിവസം തന്നെ കളിക്കളത്തില്‍ നിറഞ്ഞാടുകയാണ് ധോണി. ഇനി ബാറ്റിങിലും ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ സെലക്ടര്‍മാരുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. അതേസമയം, പ്രായമോ ഫോമില്ലായ്മയോ അല്ല ധോണിയെ പുറത്താക്കാന്‍ കാരണമെന്നാണ് മുഖ്യ പരിശീലകന്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരം കൊടുക്കുകയും അടുത്ത വിക്കറ്റ് കീപ്പറായി വളര്‍ത്തി കൊണ്ടു വരികയുമാണ് ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook