ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും മുതിര്‍ന്ന താരവുമായ മഹേന്ദ്ര സിങ് ധോണിക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റില്‍ നിന്ന് ധോണി ഉടന്‍ വിരമിക്കുമെന്ന് ശാസ്ത്രി പറഞ്ഞു. ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് ധോണിയുമായി താന്‍ സംസാരിച്ചെന്നും ശാസ്ത്രി വ്യക്തമാക്കി. ‘സിഎന്‍എന്‍ ന്യൂസ് 18’ ന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
“ടെസ്റ്റ് കരിയര്‍ ധോണി അവസാനിപ്പിച്ചു. അതുപോലെ ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ വിരമിക്കും. ടി20 ക്രിക്കറ്റില്‍ അദ്ദേഹം തുടരും. ഈ വര്‍ഷത്തെ ഐപിഎല്ലിൽ ധോണി തീര്‍ച്ചയായും കളിക്കും. എന്നാല്‍, ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകും” രവി ശാസ്ത്രി പറഞ്ഞു.
Read Also: കരീന കപൂറിന്റെ ‘കാൽമുട്ട്’ എവിടെ? എഡിറ്റിങ്ങിനെ ട്രോളി സോഷ്യല്‍ മീഡിയ
മധ്യനിരയില്‍ ഫോമും അനുഭവ സമ്പത്തുമാണ് കൂടുതല്‍ പരിഗണിക്കുന്നത്. ധോണി, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നീ താരങ്ങളെ മധ്യനിരയില്‍ വിലയിരുത്തും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനമെന്നും ശാസ്ത്രി പറഞ്ഞു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ രവി ശാസ്ത്രി പൂര്‍ണ്ണമായി പിന്തുണച്ചു. പന്തിന് വെറും 21 വയസ്സാണ്. ഈ പ്രായത്തില്‍ സെഞ്ചുറി നേടിയ എത്ര താരങ്ങളുണ്ട്? കീപ്പര്‍ എന്ന നിലയില്‍ പന്ത് ഒരുപാട് ക്യാച്ചുകളൊന്നും വിട്ടുകളഞ്ഞിട്ടില്ല. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. പക്വത വരുമ്പോള്‍ പന്ത് കുറേകൂടി നന്നായി കളിക്കും. പന്ത് ഒരു മാച്ച് വിന്നറാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നല്ല കഴിവുള്ള താരമാണ് പന്ത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് നന്നായി പരിശ്രമിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.