2004 ലാണ് ധോണി ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുന്നത്. 2007 ല്‍ ഇന്ത്യയുടെ നായകനുമായി. പിന്നീടിങ്ങോട്ട് ടീമില്‍ നിന്നും വിട്ടു നിന്നത് അപൂര്‍വ്വമായി മാത്രമാണ്. ടെസ്റ്റില്‍ നിന്നും വിരമിച്ചതിന് ശേഷവും ഏകദിന-ട്വന്റി-20 ടീമുകളില്‍ ധോണി സജീവ സാന്നിധ്യമായിരുന്നു. ധോണിയില്ലാത്ത ടീം ചിന്തയ്ക്ക് അപ്പുറത്തായിരുന്നു. പക്ഷെ ഇന്ന് ആരംഭിക്കുന്ന വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലും പിന്നാലെ നടക്കുന്ന ഓസീസിന് എതിരായ ട്വന്റി-20 പരമ്പരയിലും ധോണിയുണ്ടാകില്ല.

തന്റെ ഫോമിന്റെ നിഴല്‍മാത്രമാണ് ഇപ്പോഴത്തെ ധോണിയെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്ന് രോഹിത് ശര്‍മ്മയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. വിരാട് കോഹ്‌ലിക്ക് പകരം വിന്‍ഡീസിനെതിരെ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. ധോണി ടീമിന് വലിയ മുതല്‍ക്കൂട്ടയായിരുന്നുവെന്നും അദ്ദേഹം ഇല്ലാത്തതിനാല്‍ ദിനേശ് കാര്‍ത്തിക്കിനും ഋഷഭ് പന്തിനും അത് വലിയ അവസരമാണ് നല്‍കുന്നതെന്നും രോഹിത് പറയുന്നു.

”ഇന്ത്യയെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ട താരമായിരുന്നു ധോണി. ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും ധോണിയുടെ അനുഭവ സമ്പത്തിന്റെ കുറവ് അനുഭവപ്പെടും. അതേസമയം, ഋഷഭ് പന്തിനും ദിനേശ് കാര്‍ത്തിക്കിനും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരവുമാണിത്” കൊല്‍ക്കത്തയില്‍ ട്വന്റി-20 യ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രോഹിത്.

”ഋഷഭും ദിനേശും ട്വന്റി-20യില്‍ നന്നായി കളിച്ചിട്ടുണ്ട്, തങ്ങളുടെ സംസ്ഥാനത്തിനായും ഐപിഎല്ലിലും. അവരെ പരീക്ഷിക്കാനുള്ള നല്ല അവസരമാണിത്. ലോകകപ്പിലേക്ക് എത്തുമ്പോള്‍ ഒരുപാട് ഓപ്ഷനുണ്ടെങ്കില്‍ നന്നാകും” രോഹിത് കൂട്ടിച്ചേര്‍ത്തു.

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ന് കൊല്‍ക്കത്തയില്‍ ആരംഭിക്കും. ലക്‌നൗവും ചെന്നൈയുമാണ് അടുത്ത വേദികള്‍. ഏകദിന പരമ്പര 3-1 ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വിരാടും ധോണിയും ടീമിലില്ല. രോഹിത്തിന് ഏഷ്യാ കപ്പിലെ ജയം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook