scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

‘ബാറ്റിങ്ങിനോടും നീതി പുലര്‍ത്തണമെന്ന് മഹി ഭായ് പറഞ്ഞു;’ നിര്‍ണായക നിമിഷത്തെക്കുറിച്ച് താരം

ഇന്ത്യന്‍ ടീമിന്റെ ഭാഗമായപ്പോള്‍ ബാറ്റിങ്ങിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെയായെന്നും താരം തുറന്ന് പറഞ്ഞു

‘ബാറ്റിങ്ങിനോടും നീതി പുലര്‍ത്തണമെന്ന് മഹി ഭായ് പറഞ്ഞു;’ നിര്‍ണായക നിമിഷത്തെക്കുറിച്ച് താരം
(BCCI/IPL)

ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ താരലേലത്തില്‍ നിലവിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളിലേക്ക് കടക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്കെ) ശ്രമിച്ചില്ല. റോബിന്‍ ഉത്തപ്പ, ഡ്വയിന്‍ ബ്രാവോ, അമ്പട്ടി റായുഡു, ദീപക് ചഹര്‍ എന്നി മാച്ച് വിന്നേഴ്സിനെ പൊന്നും വിലയ്ക്കാണ് നിലനിര്‍ത്തിയത്.

14 കോടി രൂപയ്ക്കായിരുന്നു ചഹറിനെ സിഎസ്കെ സ്വന്തമാക്കിയത്. താരലേലത്തിലെ രണ്ടാമത്തെ ഉയര്‍ന്ന തുകയാണിത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങാനുള്ള മികവാണ് ചഹറിന് തുണയായത്. ബാറ്റങ് മെച്ചപ്പെടുത്തുക എന്ന ചിന്തയിലേക്ക് എത്താനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചഹര്‍.

“ഒരു ദിവസം മഹി ഭായ് (മഹേന്ദ്ര സിങ് ധോണി) എന്നോട് പറഞ്ഞു, ‘നീ ബോളിങ്ങില്‍ മികവ് പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ബാറ്റിങ്ങിനോട് നീതി കാണിച്ചിട്ടുള്ളതായി തോന്നിയിട്ടില്ല. അത് നീ ചെയ്യണം’. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അന്നായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു,” ചഹര്‍ വ്യക്തമാക്കി. ബോളിങ്ങിനേക്കാള്‍ തന്റെ ബാറ്റിങ് ഉയര്‍ന്നു നിന്ന കാലത്തേപ്പറ്റിയും താരം തുറന്നു സംസാരിച്ചു.

“ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ബാറ്റിങ് ആരംഭിച്ചിരുന്നു. ഓള്‍റൗണ്ടറാകുക എന്നതായിരുന്നു ലക്ഷ്യം. 2017-18 കാലഘട്ടത്തില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയിരുന്നു. വീട്ടിലായിരുന്നതുകൊണ്ട് പരിശീലനത്തിന് ധാരാളം സമയം ലഭിച്ചിരുന്നു. ബാറ്റിങ്ങിലായിരുന്നു കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. കാരണം ഒരു ദിവസം ബോളെറിയുന്നതിന് പരിധിയുണ്ട്. അത് കവിഞ്ഞാല്‍ ശാരീരിക ക്ഷമത നഷ്ടപ്പെടും,” ചഹര്‍ കൂട്ടിച്ചേര്‍ത്തു.

“റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ഭാഗമായിരുന്നപ്പോഴാണ് എന്റെ ബോളിങ്ങിനേക്കാള്‍ മികച്ചത് ബാറ്റിങ്ങാണെന്ന് മനസിലാക്കിയത്. പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഭാഗമായപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെയായി, പ്രത്യേകിച്ചും വിദേശത്ത്. ബാറ്റിങ്ങിലെ പരിശീലനത്തിന്റെ അളവ് കുറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് വന്നാല്‍ പ്രധാന ബാറ്റര്‍മാര്‍ക്കായിരിക്കും കൂടുതല്‍ സമയം ലഭിക്കുക. ഇതിനാല്‍ എനിക്ക് ബാറ്റിങ്ങിലുണ്ടായിരുന്ന ഒഴുക്ക് നഷ്ടമായി,” താരം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനമായിരുന്നു ചഹറിന്റെ ബാറ്റിങ് മികവ് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. 193-7 എന്ന നിലയില്‍ നിന്ന് ഇന്ത്യയെ 275 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ സഹായിച്ചത് താരത്തിന്റെ ഇന്നിങ്സായിരുന്നു. 82 പന്തില്‍ നിന്ന് 69 റണ്‍സാണ് ചഹര്‍ അന്ന് നേടിയത്.

Also Read: ‘അദ്ദേഹം വ്യക്തതയും സത്യസന്ധതയും അർഹിച്ചിരുന്നു’; സാഹയോട് പരിഭവമില്ലെന്ന് ദ്രാവിഡ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Dhoni told me you havent justified your batting says indian all rounder