ദുബായ്: കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന ആശങ്കകളിലൊന്നാണ് മുന്‍ നായകന്‍ എം.എസ്.ധോണിയുടെ പ്രകടനം. ധോണിയ്ക്ക് പഴയതു പോലെ റണ്‍ കണ്ടെത്താനാകുന്നില്ലെന്നത് വസ്തുതയായി നിലനില്‍ക്കെ തന്നെ അദ്ദേഹത്തിന്റെ കീപ്പിങ് മികവിന് പക്ഷെ കോട്ടം തട്ടിയിട്ടില്ല. വിക്കറ്റിന് പിന്നിലിന്നും ധോണിയെ വെല്ലാനാളില്ല. അത് ഒരിക്കല്‍ കൂടി അടിവരയിട്ട് പറയുന്നതായിരുന്നു ഇന്നലത്തെ പ്രകടനം.

ഏഷ്യാ കപ്പില്‍ ഇന്നലെ പാക്കിസ്ഥാനെതിരെ ഹാർദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഷൊയ്ബ് മാലിക്ക് ക്യാച്ച് നഷ്ടമാക്കിയപ്പോള്‍ ധോണിയുടെ കീപ്പിങ്ങിനെക്കുറിച്ചും ചില സംശയങ്ങളുയര്‍ന്നതാണ്. എന്നാല്‍ തൊട്ട് പിന്നാലെ അതിവേഗത്തില്‍ സ്റ്റമ്പിങ് ചെയ്ത് ധോണി ആ ക്ഷീണം തീര്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്‍ സ്‌കോര്‍ 121/6 ല്‍ നില്‍ക്കെ കേദാര്‍ ജാദവിന്റെ പന്തില്‍ ഷദാബ് ഖാനെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയാണ് ധോണി വിക്കറ്റിന് പിന്നില്‍ താന്‍ ഇപ്പോഴും മിന്നല്‍പ്പിണറാണെന്ന് തെളിയിച്ചത്.

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രോഹിത് ശര്‍മ്മ 39 പന്തില്‍ 51 റണ്‍സെടുത്തു. 56 പന്ത് നേരിട്ട ശിഖര്‍ ധവാന്‍ 46 റണ്‍സുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഞെട്ടിച്ചു. നേരിട്ട ഏഴാം പന്തില്‍ രണ്ട് റണ്‍സുമായി ഇമാം ഉള്‍ ഹഖാണ് ആദ്യം ഭുവിക്ക് മുന്നില്‍ വീണത്. പിന്നാലെ 9 പന്ത് നേരിട്ട ഫഖര്‍ സമാന്‍ റണ്ണൊന്നുമെടുക്കാതെ ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷൊയ്ബ് മാലിക്കും ബാബര്‍ അസമും ചേര്‍ന്നുളള കൂട്ടുകെട്ട് പാക്കിസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റ് വീഴ്ത്തി കേദാര്‍ ജാദവാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook