വിക്കറ്റിനു പിന്നില്‍ വീണ്ടും ധോണിയുടെ മിന്നല്‍ പ്രകടനം. ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണിനെ അതിവേഗ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയാണ് ധോണി കൈയ്യടി നേടിയത്. 47 റണ്‍സുമായി അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസണിനെയാണ് ധോണി പുറത്താക്കിയത്.

കരണ്‍ ശര്‍മ്മ എറിഞ്ഞ പന്ത് മുന്നോട്ട് കയറി വീശിയ വില്യംസണിന് കണക്ക് കൂട്ടല്‍ പിഴച്ചു. അതിവേഗം പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. വില്യംസണിന് തിരിയാന്‍ പോലും സമയം കൊടുക്കാതെയായിരുന്നു ധോണിയുടെ മിന്നല്‍ പ്രകടനം. വിക്കറ്റ് നഷ്ടപ്പെടുത്തിയതിന്റെ അമര്‍ഷം വില്യംസണ്‍ പുറത്ത് കാണിക്കുകയും ചെയ്തു.

അതേസമയം, ഫൈനല്‍ പോരാട്ടത്തില്‍ ചെന്നൈ പിടി മുറുക്കുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഹൈദരാബാദിന് നാല് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സ്‌കോര്‍ 133 ലെത്തി നില്‍ക്കുകയാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ നിശബ്ദ കൊലയാളിയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ബോളിങ് പ്രകടനം പുറത്തെടുത്ത ടീം. ശിഖര്‍ ധവാനും കെയ്ന്‍ വില്യംസണും മുന്നില്‍ നിന്ന് നയിക്കുന്ന ബാറ്റിങ് നിരയും റാഷിദ് ഖാന്‍ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.

കുറഞ്ഞ സ്‌കോറില്‍ പുറത്തായ സന്ദര്‍ഭങ്ങളിലെല്ലാം അവരെ ബോളിങ് നിര തുണച്ചു. അവസരത്തിനൊത്ത് ഓരോ ഘട്ടത്തിലും താരങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചുവെന്ന് മല്‍സരത്തിന്റെ ഇതുവരെയുളള കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒരു ടീമിനോട് മാത്രം അവര്‍ക്ക് കാലിടറി.

ആ ടീമാണ് ചെന്നൈ. ഈ സീസണില്‍ ആദ്യ രണ്ട് ലീഗ് മല്‍സരത്തിലും ചെന്നൈയോട് തോറ്റ സണ്‍റൈസേഴ്സ് ഹൈദരാബാദ് പിന്നീട് ഫൈനലിലേക്കുളള ആദ്യ ക്വാളിഫെയര്‍ മല്‍സരത്തിലും ആയുധം വച്ച് കീഴടങ്ങി. ആ മേല്‍ക്കൈയാണ് ചെന്നൈയുടെ പ്രതീക്ഷ. എന്നാല്‍ രണ്ടാം ക്വാളിഫെയര്‍ മല്‍സരത്തില്‍ കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് വീണ്ടും ടീം വിജയവഴിയിലേക്ക് എത്തിയത് കരുത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ