വെല്ലിങ്ടണ്‍: ബാറ്റുകൊണ്ട് ഒന്നും ചെയ്യാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ തന്റെ പ്രകടനം കൊണ്ട് വീണ്ടും ആരാധകരുടെ കൈയ്യടി നേടുകയാണ് എംഎസ് ധോണി. കളിയിലുടനീളം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടായിരുന്നു ധോണി. മധ്യനിരയില്‍ കളിയുടെ നിയന്ത്രണം കിവീസിന്റെ വരുതിയിലാക്കിയ ജെയിംസ് നീഷമിനെ പുറത്താക്കിയതും ധോണിയുടെ ബുദ്ധിയായിരുന്നു.

കേദാര്‍ ജാഥവ് എറിഞ്ഞ ഇന്ത്യയുടെ 37ാമത്തെ ഓവറിലാണ് സംഭവം. പന്ത് നേരിടുന്നതില്‍ നീഷമിന് പിഴച്ചു. പന്ത് പാഡില്‍ കൊണ്ടതും ജാദവും ധോണിയും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടെ ക്രീസ് വിട്ട് നീഷം പുറത്തേക്ക് എത്തിയിരുന്നു. പന്താകട്ടെ വിക്കറ്റിന് പിന്നിലേക്ക് ഉരുണ്ട് നീങ്ങി. നീഷം ക്രീസിന് പുറത്താണെന്ന് കണ്ടതും ധോണി അപ്പീല്‍ ചെയ്തുകൊണ്ടു തന്നെ പന്തിനടുത്തെത്തി. ധോണി പന്തെടുത്തെന്ന് കണ്ടതും നീഷം തിരിച്ച് ക്രീസിലേക്ക് ഓടിയെത്താന്‍ ശ്രമിച്ചെങ്കിലും ധോണിയുടെ വേഗതക്ക് മുന്നില്‍ പരാജയപ്പെട്ടു.

പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തിലും 35 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടേതിന് സമാനമായ രീതില്‍ മുന്‍ നിര കാര്യമായതൊന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ മധ്യനിരയിലാണ് കിവീസ് പിടിച്ചു നിന്നത്. 44 റണ്‍സ് നേടിയ നീഷമാണ് കിവികളുടെ ടോപ്പ് സ്‌കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 39 റണ്‍സും നേടി. ടോം ലാഥം മധ്യനിരയില്‍ 37 റണ്‍സുമായി ചെറുത്തു നിന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് മുന്നില്‍. തുടക്കത്തില്‍ ന്യൂസിലാന്റിന് പ്രഹരമേല്‍പ്പിച്ചത്് മുഹമ്മദ് ഷമിയായിരുന്നു. ഓപ്പണര്‍മാരെ രണ്ടു പേരേയും ഷമിയാണ് പുറത്താക്കിയത്. ബാറ്റിങില്‍ തിളങ്ങിയ പാണ്ഡ്യ രണ്ട് വിക്കറ്റുമായി ബൗളിങിലും തിളങ്ങി. ഭുവനേശ്വറും കേദാറും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ