മുംബൈ: ഭാവി മുന്നില്‍ കണ്ട് ധോണിക്ക് പകരക്കാരനായി ഋഷഭ് പന്തിനെ വളര്‍ത്തി കൊണ്ടു വരികയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ധോണിക്ക് വിശ്രമം അനുവദിച്ച് പന്തിന് അവസരം കൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ ലക്ഷ്യം അതാണ്. എന്നാല്‍ മൊഹാലിയില്‍ പന്തിന് താളം തെറ്റി.

തെറ്റുകളേക്കാള്‍ പന്തിന് വേദനയായത് ആരാധകരുടെ പ്രതികരണമായിരുന്നു. ഓരോ തവണയും പന്ത് ചെറിയ തെറ്റുകള്‍ വരുത്തുമ്പോള്‍ ഗ്യാലറി ധോണിയുടെ പേര് വിളിച്ചായിരുന്നു താരത്തെ അപമാനിച്ചത്. സോഷ്യല്‍ മീഡിയയിലും താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

Read Also: സ്റ്റംപിങ്ങിൽ ധോണി സ്റ്റൈൽ പുറത്തെടുത്ത റിഷഭ് പന്തിന് പാളി, അമർഷത്താൽ കോഹ്‌ലി

”ഋഷഭ് പന്തില്‍ ധോണിയെന്ന വിക്കറ്റ് കീപ്പറെ തിരയുന്നത് നിര്‍ത്തൂ. അവന്‍ പഠിച്ചു വരികയാണ്. ചോദിക്കേണ്ടത് പന്ത് പ്രാപ്തനാണോ എന്നായിരിക്കണം” എന്നായിരുന്നു ആകാശിന്റെ ട്വീറ്റ്. ”ലോകകപ്പ് ടീമിലെടുത്താല്‍ പന്ത് ധോണിയെ മറി കടന്ന് കളിക്കാന്‍ സാധ്യതയില്ല. കളിച്ചാലും കീപ്പ് ചെയ്യാന്‍ സാധ്യതയില്ല. അതുകൊണ്ട് പന്തിനെ കീപ്പര്‍ എന്ന നിലയില്‍ ജഡ്ജ് ചെയ്യുന്നത് ശരിയല്ല. എനിക്ക് തോന്നുന്നത് അവന്‍ നന്നായി തന്നെ കളിച്ചെന്നാണ്” ചോപ്ര കൂട്ടിച്ചേര്‍ത്തു.

Read More: ‘കൊലപാതകത്തേക്കാള്‍ വലിയ ക്രൈം’; വികാരഭരിതനായി ധോണി പറയുന്നു

പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും പന്തിനെ പിന്തുണച്ച് രംഗത്തെത്തി. ധോണിയേയും പന്തിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് ധവാന്റേയും അഭിപ്രായം. ” ധോണിയേയും പന്തിനേയും താരതമ്യം ചെയ്യാനാകില്ല. ധോണി ഒരുപാട് അനുഭവമുള്ള താരമാണ്. പന്ത് ചെറുപ്പമാണ്. അവനോട് കുറച്ച്കൂടി ക്ഷമ കാണിക്കണം. കഴിവുള്ളവനാണ്” എന്നായിരുന്നു ധവാന്റെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook