ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ ഇറങ്ങുക അടിമുടി മാറ്റവുമായി. സീനിയർ താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി കഴിഞ്ഞു. അടുത്ത രണ്ട് മത്സരങ്ങളിലും ധോണിയ്കക്ക് വിശ്രമം അനുവദിക്കാനാണ് തീരുമാനം. മൂന്നാം ഏകദിനത്തിൽ പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയ്ക്കും ഇന്ത്യ വിശ്രമം അനുവദിക്കും.
Also Read: റാഞ്ചിയിൽ സെഞ്ചുറി വീരനായി വിരാട് കോഹ്ലി, തകർത്തത് സച്ചിന്റെ ഒരു റെക്കോർഡ് കൂടി
നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമായാൽ മാത്രമാകും ഷമി ടീമിൽ മടങ്ങിയെത്തുക. ഇല്ലെങ്കിൽ ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കായി കളിയ്ക്കും. ധോണിയ്ക്ക് പകരക്കാരാനായി എത്തുക യുവതാരം ഋഷഭ് പന്താകും. ലോകകപ്പിന് മുമ്പ് പന്തിന് അവസരം നൽകുമെന്ന് മുഖ്യസെലക്ടർ എംഎസ്കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദിന ടീമിൽ അധികം അവസരം ലഭിക്കാത്ത പന്തിന് ലോകകപ്പിന് മുന്നോടിയായി ലഭിക്കുന്ന അവസാന പരമ്പരയാകും ഇത്.
Also Read: ധോണിയെ വരവേറ്റ് റാഞ്ചി; ഗുഹയിൽനിന്ന് പുറത്തെത്തിയ സിംഹമെന്ന് ബിസിസിഐ
ഓപ്പണർ ശിഖർ ധവാന്റെ ഫോമില്ലായ്മ ടീമിന് തലവേദനയാണ്. കഴിഞ്ഞ 16 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ശിഖർ ധവന് അർധസെഞ്ചുറി തികയ്ക്കാനായത്. മികച്ച ഫോമിലുള്ള രാഹുലിനെ ആദ്യ ഇലവനിൽ കൊണ്ടുവന്നാൽ ധവാൻ പുറത്താകും. നാലാം നമ്പരിലുള്ള അമ്പാട്ടി റയിഡുവും അത്ര മികച്ച ഫോമിലല്ല. അമ്പാട്ടി റയിഡുവിനും വില്ലനാവുക രാഹുലായിരിക്കും. ഓപ്പണർമാരുമായി നല്ലകൂട്ടുകെട്ട് സ്ഥാപിക്കാൻ കഴിയുന്ന രാഹുലിനെ മൂന്നാം നമ്പരിൽ കൊണ്ടുവന്ന് നായകൻ കോഹ്ലി നാലാം നമ്പരിലും ബാറ്റ് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 32 റൺസിനാണ് സന്ദർശകർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 314 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.2 ഓവറിൽ 281 റൺസിന് പുറത്താവുകയായിരുന്നു. സെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്ലിയ്ക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായുള്ളു.