മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് ക്രിക്കറ്റ് കഴിഞ്ഞാല്‍ പിന്നെ പ്രിയപ്പെട്ടത് ഫുട്‌ബോളാണ്. ധോണി കരിയര്‍ ആരംഭിച്ചതു തന്നെ ഗോളിയായിട്ടാണെന്ന് എല്ലാവര്‍ക്കും അറിയുന്നതുമാണ്. താരം തന്നെ പലപ്പോഴും ഫുട്‌ബോള്‍ മൈതാനത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്റെ കാല്‍പ്പന്ത് മികവു കാണിച്ച് അദ്ദേഹം ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ മറ്റുള്ളവര്‍ ടെസ്റ്റിന് തയ്യാറെടുക്കുകയാണ്. ഈ സമയം, ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത് ഫുട്‌ബോള്‍ ആസ്വദിക്കുകാണ് ധോണി. ഒരു ചാരിറ്റി മാച്ചിലാണ് ധോണി ഫുട്‌ബോള്‍ തട്ടാനിറങ്ങിയത്. ധോണിയ്‌ക്കൊപ്പം ബോളിവുഡ് താരം ഇഷാന്‍ ഖട്ടറുമുണ്ടായിരുന്നു. ഈയ്യടുത്താണ് ഇഷാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദഡക് റിലീസ് ചെയ്തത്. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക.

ക്രിക്കറ്റ് മൈതാനത്ത് യുവ താരങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ധോണി ഫുട്‌ബോളില്‍ തനിക്കുള്ള അറിവും മറ്റുള്ളവരുമായി പങ്കുവെച്ചു. പ്രത്യേകിച്ചും ഇഷാനുമായി. ക്രിക്കറ്റ് കളിയില്ലാത്ത വേളകളില്‍ തന്റെ ജീവിതത്തെ വ്യത്യസ്തമായി ആസ്വദിക്കുകയാണ് ധോണി.

അതേസമയം ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ശാന്തമായെങ്കിലും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിന് പിന്നാലെ താരം അമ്പയറില്‍ നിന്നും പന്ത് വാങ്ങിയതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. ധോണി വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook