ഇന്ത്യൻ വിക്കറ്റ് കീപ്പർ എം.എസ്.ധോണിയെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുമായി താരതമ്യംചെയ്ത മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വായടപ്പിച്ച് ആരാധകർ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ ഒരു വോട്ടിങ് നടത്തിയിരുന്നു. നിലവിലെ ഫോം അനുസരിച്ച് ജോസ് ബട്‌ലറിനെയാണോ അതോ ധോണിയെയാണോ നിങ്ങളുടെ ടീമിലേക്ക് തിരഞ്ഞെടുക്കുക എന്നതായിരുന്നു ചോദ്യം.

ഓസ്ട്രേലിയയ്ക്കെതിരെ 5 മൽസരങ്ങളുടെ പരമ്പര 3-0ന് ഇംഗ്ലണ്ട് നേടിയത് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെ മികവിലായിരുന്നു. അവാസന മൽസരത്തിൽ 83 ബോളുകളിൽനിന്നായി 6 ഫോറും 4 സിക്സും നേടിയാണ് ബട്‌ലർ സെഞ്ചുറി തികച്ചത്. ഇതിനുപിന്നാലെയാണ് ധോണിയെയും ബട്‌ലറെയും ചേർത്ത് മൈക്കിൾ വോൺ പോളിങ് നടത്തിയത്.

പക്ഷേ ധോണിയെ ബട്‌ലറുമായി താരതമ്യം ചെയ്തത് മാഹി ആരാധകർക്ക് സഹിച്ചില്ല. വോണിനെതിരെ ട്വിറ്ററിൽ നല്ല കിടിലൻ ട്രോളുകളിലൂടെയാണ് അവർ മറുപടി നൽകിയത്. ധോണി ദൈവമാണ്, ബട്‌ലർ വെറും മനുഷ്യൻ. ധോണിയെപ്പോലെ വേഗതയിൽ സ്റ്റംപ് ചെയ്യാനും 15000 റൺസ് നേടാനും ബട്‌ലർ ഇനി 7 ജന്മമെടുക്കണം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ