പ്രായം തളർത്തിയ ശരീരവുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും മധ്യനിര ബാറ്റ്‌സ്‌മാനുമായ ധോണി ഐപിഎൽ വേദിയിൽ. ഇന്നലെ നടന്ന് സൺറൈസേഴ്‌സ് ഹൈദരബാദ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലാണ് ധോണിയെ അതീവ ക്ഷീണിതനായി കാണപ്പെട്ടത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ധോണിയെയായിരുന്നു മത്സരത്തിലുടനീളം കണ്ടത്.

ഓരോ റൺസിനുമിടയിൽ ചീറ്റപുലിയെ പോലെ കുതിക്കാൻ കെൽപ്പുള്ള ധോണി ഇന്നലെ തീർത്തും നിരാശപ്പെടുത്തി. പലപ്പോഴും ഓരോ റൺ ഓടിയെടുത്ത ശേഷം ധോണി വിശ്രമിക്കുകയായിരുന്നു. ഒരു റൺസ് ഓടിയെടുക്കുമ്പോഴും സാധാരണയിൽ നിന്നു ക്ഷീണിതനായിരുന്നു ധോണി. ഇത് ആരാധകരെയും ഏറെ നിരാശപ്പെടുത്തി.

എന്നാൽ, ശരീരം തളർന്നിട്ടും ധോണിയിലെ ക്രിക്കറ്റ് കളിക്കാരൻ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ശരീരത്തിന്റെ അവശതകൾ പരിഗണിക്കാതെയാണ് അവസാന ഓവറുകളിൽ ധോണി ഓരോ റൺസും ഓടിയെടുത്തതെന്ന് വ്യക്തം.

ഇന്നലെ ചെന്നൈ ബാറ്റ് ചെയ്യുന്ന 18-ാം ഓവറിൽ ധോണി വിശ്രമിക്കുകയും ആരോഗ്യവിദഗ്‌ധർ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്‌തിരുന്നു. ദുബായിലെ കനത്ത ചൂടാണ് ധോണിയെ ഇത്രയേറെ തളർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ചൂട് സഹിക്കാൻ വയ്യാതെ ബാറ്റിങ്ങിനിടെ ധോണി പലപ്പോഴും വെള്ളം ആവശ്യപ്പെട്ടിരുന്നു.

IPL 2020, CSK vs SRH Live Cricket Score: ജഡേജയുടെ 50, അത്ഭുതങ്ങൾ സംഭവിക്കാതെ അവസാന ഓവർ; ഒടുവിൽ ചെന്നൈക്ക് തോൽവി

ഏഴ് റൺസിനാണ് ചെന്നെെ സൂപ്പർ കിങ്‌സിനെ സൺറെെസേഴ്‌സ് തോൽപ്പിച്ചത്. ചെന്നെെക്ക് ഹെെദരബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയപ്പോൾ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 157 റൺസ് മാത്രമാണ് നേടാനായത്. 35 പന്തിൽ നിന്ന് 47 റൺസുമായി ധോണി പുറത്താകാതെ നിന്നു. എന്നാൽ, ഇന്നിങ്‌സിന്റെ തുടക്കത്തിൽ വളരെ പതുക്കെയാണ് ധോണി റൺസ് നേടിയത്. അവസാന ഓവറുകളിലേക്ക് കളി എത്തിയപ്പോൾ ആണ് ധോണിയുടെ ബാറ്റ് അതിവേഗം റൺസ് നേടാൻ തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook