ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ്.ധോണിയുടെ ബാറ്റിങ് പ്രകടനം ഏറെ വിമർശനങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്നിങ്‌സിന്റെ തുടക്കത്തിലുള്ള ധോണിയുടെ മെല്ലെപ്പോക്കാണ് ഏറെ ചർച്ചയായിരിക്കുന്നത്.

സമയമെടുത്ത് നന്നായി കളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് ധോണി പറയുന്നു. ഓരോ ബോളും വളരെ നന്നായി അടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, തനിക്ക് വിജയത്തിലെത്തിക്കാൻ സാധിച്ചില്ലെന്ന് ധോണി പറയുന്നു.

“ഒരുപാട് ഡെലിവറികളെ നേരിടാൻ എനിക്ക് സാധിക്കില്ലായിരുന്നു. പെട്ടന്ന് അടിച്ച് റൺസ് നേടാനാണ് ശ്രമിച്ചിരുന്നത്. ഞാൻ നന്നായി അടിക്കാൻ നോക്കിയിരുന്നു. വളരെ വേഗം കുറഞ്ഞ വിക്കറ്റായിരുന്നു ഇവിടെ,” മത്സരശേഷം ധോണി പറഞ്ഞു.

Read Also: അതീവ ക്ഷീണിതൻ, ഓടാൻ വയ്യ; പാടുപെട്ട് ധോണി, ആരാധകർ നിരാശയിൽ

മത്സരത്തിനിടെ ശാരീരികമായി ധോണി ഏറെ അവശതകൾ അനുഭവിച്ചിരുന്നു. അതേകുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. “പരമാവധി വേഗത്തിൽ റൺസ് എടുക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ, ഇവിടെ ചൂട് കൂടുതലാണ്. ശരീരോഷ്‌മാവ് താങ്ങാൻ സാധിക്കുന്നില്ല. തൊണ്ട വരണ്ടു, ചുമയ്‌ക്കാൻ തുടങ്ങി. കഫത്തിന്റെ പ്രശ്‌നവുമുണ്ടായി. ഇതെല്ലാം പ്രതികൂലമായി ബാധിച്ചു,” ധോണി പറഞ്ഞു. മോശം ഫീൽഡിങ് ആണ് പരാജയത്തിനു കാരണമെന്നും ധോണി പറഞ്ഞു.

അതേസമയം, പ്രായം തളർത്തിയ ശരീരവുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും മധ്യനിര ബാറ്റ്‌സ്‌മാനുമായ ധോണി ഐപിഎൽ വേദിയിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഏറെ നിരാശപ്പെടുത്തു. ഇന്നലെ നടന്ന് സൺറൈസേഴ്‌സ് ഹൈദരബാദ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലാണ് ധോണിയെ അതീവ ക്ഷീണിതനായി കാണപ്പെട്ടത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ധോണിയെയായിരുന്നു മത്സരത്തിലുടനീളം കണ്ടത്.

ഓരോ റൺസിനുമിടയിൽ ചീറ്റപുലിയെ പോലെ കുതിക്കാൻ കെൽപ്പുള്ള ധോണി ഇന്നലെ തീർത്തും നിരാശപ്പെടുത്തി. പലപ്പോഴും ഓരോ റൺ ഓടിയെടുത്ത ശേഷം ധോണി വിശ്രമിക്കുകയായിരുന്നു. ഒരു റൺസ് ഓടിയെടുക്കുമ്പോഴും സാധാരണയിൽ നിന്നു ക്ഷീണിതനായിരുന്നു ധോണി.

Read Also: പരിസരം മറന്ന് ധോണി, അംപയറോട് ക്ഷോഭിച്ചു; ക്യാപ്‌റ്റൻസിക്ക് പത്തിൽ നാല് മാർക്കെന്ന് സേവാഗ്

ഇന്നലെ ചെന്നൈ ബാറ്റ് ചെയ്യുന്ന 18-ാം ഓവറിൽ ധോണി വിശ്രമിക്കുകയും ആരോഗ്യവിദഗ്‌ധർ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്‌തിരുന്നു. ദുബായിലെ കനത്ത ചൂടാണ് ധോണിയെ ഇത്രയേറെ തളർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ചൂട് സഹിക്കാൻ വയ്യാതെ ബാറ്റിങ്ങിനിടെ ധോണി പലപ്പോഴും വെള്ളം ആവശ്യപ്പെട്ടിരുന്നു.

ഏഴ് റൺസിനാണ് ചെന്നെെ സൂപ്പർ കിങ്‌സിനെ സൺറെെസേഴ്‌സ് തോൽപ്പിച്ചത്. ചെന്നെെക്ക് ഹെെദരബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയപ്പോൾ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 157 റൺസ് മാത്രമാണ് നേടാനായത്. 35 പന്തിൽ നിന്ന് 47 റൺസുമായി ധോണി പുറത്താകാതെ നിന്നു. എന്നാൽ, ഇന്നിങ്‌സിന്റെ തുടക്കത്തിൽ വളരെ പതുക്കെയാണ് ധോണി റൺസ് നേടിയത്. അവസാന ഓവറുകളിലേക്ക് കളി എത്തിയപ്പോൾ ആണ് ധോണിയുടെ ബാറ്റ് അതിവേഗം റൺസ് നേടാൻ തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook