ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്നു മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ്. ധോണി വിരമിക്കണമെന്നും വേണ്ടായെന്നുമുള്ള വാദങ്ങൾ ആരംഭിച്ചിട്ട് നാളുകളായി. ആരാധകരും താരങ്ങളും ഇതിഹാസങ്ങളുമെല്ലാം ഇതിനോടകം തന്നെ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു. ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും അഭിപ്രായം അറിയിച്ചിരിക്കുന്നു.
ഒരു പ്രധാനപ്പെട്ട തീരുമാനമെടുക്കാൻ ഒന്നിലധികം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണു ധോണി. അത്തരത്തിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങളും ധോണി എടുത്തിട്ടുണ്ടെന്നും വിരമിക്കലുമായി ബന്ധപ്പെട്ടുളള തീരുമാനവും ധോണി തന്നെ എടുക്കട്ടെയെന്നുമാണ് ശിഖർ ധവാൻ പറയുന്നത്.
Also Read: ഏകദിനത്തിലും ടി20യിലും കോഹ്‌ലിയെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കണം; തുറന്നടിച്ച് യുവി
“ഏറെക്കാലമായി ഇന്ത്യക്കുവേണ്ടി കളിക്കുന്ന താരമാണു ധോണി. എപ്പോൾ വിരമിക്കണമെന്നു ധോണിക്കു മനസിലാകുമെന്ന് എനിക്കു തോന്നുന്നു. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇന്ത്യക്കുവേണ്ടി നിർണായകമായ പല തീരുമാനങ്ങളുമെടുത്ത വ്യക്തിയാണ്. സമയമാകുമ്പോൾ ഇതും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്,” ശിഖർ ധവാൻ പറഞ്ഞു.
ധോണിയെപ്പോലെ മറ്റു താരങ്ങളുടെ കഴിവിൽ ഇത്രത്തോളം ശുഭാപ്തി വിശ്വാസമുള്ള മറ്റൊരാളില്ല. അതൊരു നേതാവിനു വേണ്ട പ്രധാനപ്പെട്ട ഗുണമാണെന്നും ഒരാളെ എങ്ങനെ പിന്തുണയ്ക്കണമെന്നു ധോണിക്കു നന്നായി അറിയാം. ഒരു കളിക്കാരനിൽനിന്ന് ചാമ്പ്യനെ സൃഷ്ടിക്കാൻ ധോണിക്കു സാധിക്കും. ധോണിക്കു കീഴിൽ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ അതു തെളിയിക്കുന്നുവെന്നും ശിഖർ ധവാൻ പറഞ്ഞു.
Also Read: സ്വന്തം താത്പര്യത്തിനനുസരിച്ച് മാത്രം പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ പറ്റില്ല; ധോണിക്കെതിരെ ഗംഭീര്‍
നേരത്തെ ഇന്ത്യന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ മുന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഭാവി കാര്യങ്ങളെക്കറിച്ച് ധോണിയോട് സെലക്ടര്‍മാര്‍ സംസാരിക്കണമെന്നു ഗംഭീര്‍ പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുമ്പോള്‍ സ്വന്തം താത്പര്യങ്ങളും ആഗ്രഹങ്ങളും മാത്രം പരിഗണിച്ച് പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നു ഗംഭീര്‍ തുറന്നടിച്ചു. ലോകകപ്പ് ക്രിക്കറ്റിനു ശേഷം ധോണി ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടില്ല. ടീമിന്റെ മുന്‍പോട്ടുള്ള യാത്രയില്‍ ധോണിയുടെ സ്ഥാനം എന്താണെന്നതിനെക്കുറിച്ച് ബോധ്യം വേണമെന്നും ഗംഭീര്‍ പറഞ്ഞു.