ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്താനായ താരം എംഎസ് ധോണിയാണെന്ന് നിസംശയം പറയാം. ഒരിടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ മടങ്ങിയെത്താനൊരുങ്ങുകയാണ് താരം. ഐപിഎല്ലിലെ ഏറ്റവും വലിയ ടീമുകളിലൊന്നായ ചെന്നൈയും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ധോണിയും രണ്ട് വര്‍ഷത്തിന് ശേഷം ഒരുമിക്കുന്നു എന്നത് ഈ സീസണിനുള്ള കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നതാണ്.

സ്വന്തം നാടായ റാഞ്ചിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ധോണിയ്ക്ക് ചെന്നൈയിലുണ്ട് എന്നതാണ് വാസ്തവം. തങ്ങളുടെ ടീമും നായകനും മടങ്ങി വരുന്നതിന്റെ ആവേശം സോഷ്യല്‍ മീഡിയയിലൂടേയും മറ്റും ചെന്നൈ ആരാധകര്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ടീമിന്റെ പ്രൊമോഷണല്‍ പരിപാടികള്‍ക്കെല്ലാം സമാനതകളില്ലാത്ത സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയിലും അത്തരത്തിലൊരു പരിപാടി നടന്നിരുന്നു. ധോണിയ്‌ക്കൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പക്ഷെ പരിപാടിയുടെ പ്രധാന ആകര്‍ഷണം ധോണിയായിരുന്നു. അതിലെന്ത് പ്രത്യേകത എന്നല്ലേ?

ബൈക്കിലായിരുന്നു ധോണിയുടെ സ്‌റ്റേജിലേക്കുള്ള എന്‍ട്രി. നിറകയ്യടികളോടെയായിരുന്നു ധോണിയെ ആരാധകര്‍ വരവേറ്റിയത്. ബൈക്കുകളോടുള്ള ധോണിയുടെ പ്രണയം ലോക പ്രശസ്തമാണല്ലോ. അതുകൊണ്ട് തന്നെ ധോണി ബൈക്ക് ഓടിച്ച് സ്‌റ്റേജിലേക്ക് വന്നത് ആരാധകര്‍ക്ക് വലിയ ആവേശമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook