ഇൻഡോർ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മൽസരത്തിലെ ശ്രദ്ധാകേന്ദ്രം വേഗതയേറിയ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു. എന്നാല്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ ചോരാത്ത കൈകളായിരുന്നു. സ്പിന്‍ താരങ്ങളായ യുസ്‍വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും ഒപ്പം ചേര്‍ന്നാണ് മഹേന്ദ്ര സിങ് ധോണി വിക്കറ്റിന് പിന്നില്‍ വീണ്ടും തന്റെ ഒറ്റയായ കഴിവ് തെളിയിച്ചത്.

കണ്ണടച്ച് തുറക്കും മുമ്പാണ് ധോണി രണ്ട് ലങ്കന്‍ താരങ്ങളുടെ വൈല്‍സ് തെറിപ്പിച്ചത്. 15-ാം ഓവറിലായിരുന്നു ആദ്യ ആക്രമണം. കുല്‍ദീപ് യാദവിന്റെ പന്തില്‍ അസേല ഗുണരത്നെയായിരുന്നു ഇര. ചൈനാമാന്റെ പന്ത് ഓഫ് സൈഡില്‍ പിച്ചില്‍ കുത്തി ഗുണരത്നയുടെ ബാറ്റിനെ കബളിപ്പിച്ച് ധോണിയുടെ കൈകളിലെത്തി. പന്തിനായി നീണ്ടുവലിഞ്ഞ് ലങ്കന്‍ താരം മുന്നോട്ട് ആഞ്ഞ നിമിഷം തന്നെ ധോണി പന്ത് കൊണ്ട് ബൈല്‍സ് ചുവപ്പിച്ചു.

അടുത്ത ഓവറില്‍ തന്നെയായിരുന്നു ഇന്ത്യയുടെ അടുത്ത വിക്കറ്റ് നേട്ടവും. പന്തെറിയാന്‍ എത്തിയത് ചാഹലും. സമരവിക്രമയായിരുന്നു ആക്രമണത്തിന് തയ്യാറായി നിന്നത്. സമരവിക്രമ ക്രീസിന് പുറത്തെത്തിയെങ്കിലും ചാഹല്‍ വൈഡ് എറിഞ്ഞ് പന്ത് ധോണിയുടെ കൈകളിലെത്തിച്ചു. കാണികളും കളിക്കാരും കണ്ണടച്ച് തുറക്കും മുമ്പ് ബാക്കിയുളള പണി ധോണി ചെയ്ത് കഴിഞ്ഞിരുന്നു.

മൽസരത്തിൽ 89 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 17.2 ഓവറിൽ 170 റൺസിന് എല്ലാ ലങ്കൻ ബാറ്റ്സ്മാന്മാരും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 261 റൺസിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വച്ചത്. രോഹിത് ശർമ്മ 48 പന്തിൽ നിന്ന് നേടിയ 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ നിരയിൽ കുസാൽ പെരേര 37 പന്തിൽ 77 റൺസെടുത്തു.

ഉപുൽ തരംഗ 29 പന്തിൽ 47 ഉം നിരോഷൻ ഡിക്‌വാല 19 പന്തിൽ 25 ഉം റൺസെടുത്തു. ശേഷിച്ച ആറ് ബാറ്റ്സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും യുസ്‌വേന്ദ്ര ചാഹൽ 52 റൺസ് വഴങ്ങി. കുൽദീപ് യാദവും നാലോവറിൽ 52 റൺസ് വഴങ്ങി. മൂന്ന് വിക്കറ്റാണ് യാദവിന്റെ നേട്ടം. 17 റൺസെടുക്കുന്നതിനിടെയാണ് ലങ്കയുടെ അവസാന ഏഴ് വിക്കറ്റുകൾ വീണത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ